യുഎപിഎ കേസില്‍ വീണ്ടും അറസ്റ്റ്: ഇടതുസര്‍ക്കാരിന്റെ കാപട്യം തുറന്നുകാട്ടുന്നു- കെ എസ് ഷാന്‍

യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകരനിയമങ്ങള്‍ പൗരന്‍മാരെ തടവിലാക്കാന്‍ ദുരുപയോഗിക്കുന്ന വിഷയത്തില്‍ ബിജെപിയും സിപിഎമ്മും ഒരേ തൂവല്‍പക്ഷികളായി മാറുകയാണ്.

Update: 2021-01-22 08:57 GMT

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റുകള്‍ തുടരുന്നത് ഇടതുസര്‍ക്കാരിന്റെ യുഎപിഎ വിരുദ്ധ നിലപാട് കാപട്യമാണെന്ന് വീണ്ടും തെളിയിക്കുന്നതാണെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. കേസില്‍ നാലാം പ്രതിയെന്ന് എന്‍ഐഎ പറയുന്ന വയനാട് സ്വദേശി വിജിത് വിജയനെയാണ് എന്‍ഐഎ കൊച്ചി യൂനിറ്റ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ഭീകരനിയമമായ യുഎപിഎയ്ക്ക് എതിരാണെന്ന ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും വാദം പൊള്ളയാണെന്ന് ഇതോടെ ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നു.

സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയ്ക്ക് മേയാന്‍ അവസരമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഇടതുസര്‍ക്കാര്‍. പൗരന്മാര്‍ക്കെതിരേ അന്യായമായി ചുമത്തിയ ഭീകര നിയമങ്ങള്‍ ഇടതുസര്‍ക്കാര്‍ പിന്‍വലിച്ചെന്ന് ചാനലുകളില്‍ വന്നിരുന്ന് വീരവാദം മുഴക്കിയ വായാടികള്‍ ഇനിയെങ്കിലും കുറ്റം സമ്മതിച്ച് പൊതുസമൂഹത്തോട് മാപ്പുപറയാന്‍ തയ്യാറാവണം. യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകരനിയമങ്ങള്‍ പൗരന്‍മാരെ തടവിലാക്കാന്‍ ദുരുപയോഗിക്കുന്ന വിഷയത്തില്‍ ബിജെപിയും സിപിഎമ്മും ഒരേ തൂവല്‍പക്ഷികളായി മാറുകയാണ്.

യുഎപിഎ വിഷയത്തിലുള്ള കപടനാടകം ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ ഇടതുപക്ഷവും സിപിഎമ്മും തയ്യാറാവാണം. സംസ്ഥാന നിലപാടില്‍ സിപിഎം ദേശീയ നേതൃത്വം മറുപടി പറയേണ്ടതുണ്ട്. യുഎപിഎ വിരുദ്ധരാണെന്ന വായ്ത്താരി ഇനിയെങ്കിലും ഇടതുപക്ഷം ഉപേക്ഷിക്കണം. വേട്ടക്കാരനും ഇരയ്ക്കും ഒപ്പം സിപിഎം ആടിക്കളിക്കുകയാണ്. ഭീകരനിയമത്തെ താലോലിക്കുന്ന സംസ്ഥാന നേതൃത്വത്തെ നിലയ്ക്കുനിര്‍ത്താന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാവണമെന്നും കെ എസ് ഷാന്‍ ആവശ്യപ്പെട്ടു.

Tags: