മൂര്‍ക്കനാട് എഇഎംഎയുപി സ്‌കൂളില്‍ 'ആനയിറങ്ങി' (വീഡിയോ)

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആകൃഷ്ടരാക്കുന്ന 'ഓഗ്‌മെന്റഡ് റിയാലിറ്റി' എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഇവിടുത്തെ അധ്യാപകര്‍ ആനയെ പോലും ക്ലാസില്‍ അവതരിപ്പിച്ചത്.

Update: 2020-07-01 12:22 GMT

മൂര്‍ക്കനാട്: തലക്കെട്ട് വായിച്ച് എല്ലാവരും ഒന്ന് സംശയിച്ചു എങ്കില്‍ സംഗതി സത്യമാണ്. മൂര്‍ക്കനാട് എഇഎംഎയുപി സ്‌കൂളിലെ എല്‍കെജി ക്ലാസിലാണ് ആനയിറങ്ങിയത്. ഔപചാരികരീതികളും മാര്‍ഗങ്ങളും അവലംബിച്ച് നടത്തുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് തടസപ്പെട്ടിരിക്കുന്ന ഒരുസവിശേഷഘട്ടത്തിലാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ പുത്തന്‍സാധ്യതകളുമായി മൂര്‍ക്കനാട് എഇഎംഎയുപി സ്‌കൂള്‍ മുന്നോട്ടുവന്നിരിക്കുന്നത്.

Full View

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആകൃഷ്ടരാക്കുന്ന 'ഓഗ്‌മെന്റഡ് റിയാലിറ്റി' എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഇവിടുത്തെ അധ്യാപകര്‍ ആനയെ പോലും ക്ലാസില്‍ അവതരിപ്പിച്ചത്. ക്ലാസ്മുറിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ അമൂര്‍ത്താശയങ്ങളുടെ ദൃശ്യവിരുന്നൊരുക്കി പഠനം ആനന്ദപൂര്‍ണവും ആകര്‍ഷകത്വവുമാക്കുന്ന ഐടി അധിഷ്ഠിത മായാജാല ലോകം കൂട്ടികള്‍ക്കായി കാഴ്ചവയ്ക്കുകയാണ് മൂര്‍ക്കനാട് എഇഎംഎയുപി സ്‌കൂള്‍. കേരളത്തില്‍തന്നെ ഒരു പൊതുവിദ്യാലയം ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഓഗ്‌മെന്റഡ് റിയാലിറ്റി വഴിയുള്ള പഠനതന്ത്രം ആവിഷ്‌കരിക്കുന്നത്. ഈ പാഠ്യരീതിയിലൂടെ വിദ്യാലയം ഓണ്‍ലൈന്‍ പഠനരംഗത്ത് വലിയൊരു ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്.

ഓഗ്‌മെന്റഡ് റിയാലിറ്റി വഴിയുള്ള ക്ലാസുകള്‍ വിദ്യാലയത്തിന്റേതന്നെ യുട്യൂബ് ചാനല്‍ വഴിയും വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് കുട്ടികളിലേക്ക് എത്തിക്കുന്നത്. ശാസ്ത്രവിഷയങ്ങളിലെതടക്കം തയ്യാറാക്കിയ ക്ലാസുകള്‍ വരുംദിവസങ്ങളില്‍ യുട്യൂബ് ചാനല്‍ വഴി കുട്ടികള്‍ക്ക് നല്‍കുന്നതായിരിക്കും. 'അറിവ് നല്‍കാം, പുതിയ വഴികളിലൂടെ' എന്ന ആശയത്തെ മുന്‍നിര്‍ത്തി വിദ്യാലയത്തിലെ അധ്യാപകാനായ വി ശ്യാമിന്റെ ചിന്തയിലാണ് ഈ ആശയം പ്രാവര്‍ത്തികമായത്. അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ സിന്ധു, സുനിത, ജയശ്രീ തുടങ്ങിയ അധ്യാപകരാണ് ആദ്യഘട്ടക്ലാസുകള്‍ അവതരിപ്പിച്ചത്. 

Tags: