മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു
ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനായ പുത്തന്‍കാവ് അങ്ങാടിക്കല്‍ ശാലേം നഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ എബ്രഹാം വര്‍ഗീസ് (65) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
ചെങ്ങന്നൂര്‍: മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനായ പുത്തന്‍കാവ് അങ്ങാടിക്കല്‍ ശാലേം നഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ എബ്രഹാം വര്‍ഗീസ് (65) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം അര്‍ധരാത്രിയായിരുന്നു ദാരുണമായ സംഭവം. വീട്ടിലെ മാലിന്യം ശബരിമല വില്ലേജ് റോഡില്‍ അങ്ങാടിക്കല്‍ ഭാഗത്താണ് എബ്രഹാം നിക്ഷേപിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ കവറില്‍ മാലിന്യവുമായി സ്‌കൂട്ടറില്‍ പോയ ഇദ്ദേഹത്തെ അവിടെയുള്ള ചെറുപ്പക്കാര്‍ തടഞ്ഞു.
ബൈക്ക് നിര്‍ത്താതെ പോയ ഇദ്ദേഹത്തെ രണ്ടുബൈക്കിലായി മൂന്നുപേര്‍ പിന്തുടര്‍ന്നു. വീടിന് തൊട്ടടുത്തുവച്ച് ബൈക്ക് വട്ടംവച്ച് തടഞ്ഞുനിര്‍ത്തി. എബ്രഹാം ധരിച്ചിരുന്ന ഹെല്‍മെറ്റ് ചെറുപ്പക്കാരില്‍ ഒരാള്‍ കൈക്കലാക്കി തലയില്‍ അടിച്ചു. അടിയേറ്റ് എബ്രഹാം മറിഞ്ഞുവീഴുന്നത് സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ചെറുപ്പക്കാര്‍ തന്നെയാണ് എബ്രഹാമിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം സമീപത്തുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.
എബ്രഹാമിന്റ വീട്ടുകാരോടും ഇവര്‍ തന്നെയാണ് ഫോണില്‍ വിവരം പറഞ്ഞത്. പോലിസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
