വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ആരോപണങ്ങൾ തള്ളി അടൂർ പ്രകാശ്; ദുരൂഹമായ ഇടപെടലുകൾ അന്വേഷിക്കണം

കൊലപാതകം നടന്നദിവസം ദുരൂഹമായ പല ഇടപെടലുകളും പോലിസ് സ്റ്റേഷനിൽ നടന്നിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉൾപ്പെടെയുള്ളവർ അർധരാത്രി രണ്ടര മണിക്ക് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതൊക്കെ അന്വേഷിക്കാൻ തയ്യാറാവണം. സ്റ്റേഷനിലെ സിസി ടിവി പരിശോധിക്കണം.

Update: 2020-09-02 12:00 GMT

പത്തനംതിട്ട: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ തുടർന്ന് ഉയർന്നുവന്ന ആരോപണങ്ങളെ തള്ളി അടൂർ പ്രകാശ് എംപി. ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് ഡി കെ മുരളി എംഎൽഎയുടെ മകനുമായുണ്ടായ തർക്കമാണെന്ന കാര്യത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അടൂർ പ്രകാശ് ആവർത്തിച്ചു. മുമ്പുനടന്ന ഫൈസൽ വധശ്രമക്കേസിൽ അടൂർ പ്രകാശിനെതിരെ ഡിവൈഎഫ്ഐ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ഫൈസൽ വധശ്രമക്കേസിൽ പോലിസ് സ്റ്റേഷനിൽ വിളിച്ചതിന് തെളിവായാണ് ഇരട്ടക്കൊലക്കേസ് പ്രതി ഷജിത്തിൻ്റെ ശബ്ദരേഖ പുറത്തുവിട്ടത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്.

കൊലപാതകത്തെ ഞങ്ങൾ ന്യായീകരിക്കില്ല. ആര് തെറ്റ് ചെയ്താലും അവർക്കെതിരെ നടപടി ഉണ്ടാവണം. പാർട്ടി ഏതാണെന്ന് നോക്കാതെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഇനിയും ഇടപെടും. എംപി ആയതു മുതൽ നിരവധി പേർ തന്നെ വിളിച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾ പറയുകയും മനസ്സിലാക്കുകയും ന്യായമായ കാര്യങ്ങളിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്. അതല്ലാതെ ഫൈസൽ വധശ്രമക്കേസുമായി ഇതുവരെ തനിക്ക് ബന്ധമില്ല. ഒരു ഇടപെടലും താൻ നടത്തിയിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

ഒന്നും മറച്ചുവെച്ചു സംസാരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല താൻ. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ തനിക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ഒരു മന്ത്രി പറഞ്ഞത്. ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. സത്യങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. കേരളത്തിലെ ജനങ്ങൾക്ക് അത് അറിയേണ്ടതുണ്ട്. ഞങ്ങളെ സംശയത്തിന്റെ നിഴലിലാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു.

കൊലപാതകത്തിന്റ വാസ്തവം പുറത്തുവരണമെങ്കിൽ പോലിസിൽ സത്യസന്ധമായ അന്വേഷണം നടക്കണം. ഈ കൊലപാതക രാഷ്ട്രീയത്തിന്റെ പിന്നിലെ രഹസ്യങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ, തന്റേടവും ധൈര്യവും ഉണ്ടെങ്കിൽ ഈ കേസ് സിബിഐയെ കൊണ്ട് അന്വേഷണം നടത്താൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ റൂറൽ എസ്പിയാണ് ഇന്ന് ഭരണം നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്പിയുടേതടക്കമുള്ള രാഷ്ട്രീയ ചരിത്രം ഞാനടക്കമുള്ള പൊതുപ്രവർത്തകർക്കറിയാം. എസ്പിയെ മാറ്റിനിർത്തി കേസിൽ സ്വതന്ത്രമായ അന്വേഷണം നടക്കണം. കൊലപാതകം നടന്നദിവസം ദുരൂഹമായ പല ഇടപെടലുകളും പോലിസ് സ്റ്റേഷനിൽ നടന്നിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉൾപ്പെടെയുള്ളവർ അർധരാത്രി രണ്ടര മണിക്ക് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതൊക്കെ അന്വേഷിക്കാൻ തയ്യാറാവണം. സ്റ്റേഷനിലെ സിസി ടിവി പരിശോധിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

Tags: