ഇടുക്കി: അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ ഇടത് കാല്‍ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടര്‍ന്നാണ് കാല്‍ മുറിച്ചുമാറ്റിയത്. മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്ടില്‍ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. ദുരന്തത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജുവിന് ജീവന്‍ നഷടമാവുകയും ചെയ്തിരുന്നു.
പരിക്കേറ്റ സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു.
അടിമാലി കൂമ്പന്‍ പാറ ലക്ഷംവീട് ഉന്നതിയില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് മലിയിടിച്ചിരുന്നു. ഇതില്‍ വിള്ളല്‍ രൂപപ്പെടുകയും പിന്നാലെ കൂറ്റന്‍ മല അടര്‍ന്ന് താഴെക്ക് പതിക്കുകയുമായിരുന്നു. മണ്ണിടിച്ചില്‍ സാധ്യത കണ്ട് പ്രദേശത്തെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. മരിച്ച ബിജുവിന്റേത് ഉള്‍പ്പെടെ എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.