മലപ്പുറം ജില്ലയുടെ ആരോഗ്യരംഗത്തെ പോരായ്മകള്‍ പരിഹരിക്കുക; എസ്ഡിപിഐ ഡിമാന്‍ഡ് ഡേ ആചരിച്ചു

Update: 2021-05-28 14:17 GMT

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന അസൗകര്യങ്ങളും പരിമിതികളും പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയില്‍ ഡിമാന്‍ഡ് ഡേ ആയി ആചരിച്ചു.


 മലപ്പുറം ജില്ലയില്‍ കൊവിഡ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുക, വാക്‌സിന്‍ വിതരണത്തില്‍ മലപ്പുറം ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായ പരിഗണന നല്‍കുക, ജില്ലയില്‍ പ്രതിദിനം 25,000 ആന്റിജന്‍ ടെസ്റ്റുകള്‍ ഗ്രാമപ്പഞ്ചായത്തുകള്‍ വഴി നടത്തുക, കൊവിഡ് ചികില്‍സയ്ക്ക് മാത്രമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രത്യേകം സെന്ററുകള്‍ തുടങ്ങുക, ജില്ലയിലെ ഏക മെഡിക്കല്‍ കോളജായ മഞ്ചേരി മെഡിക്കല്‍ കോളജ് കൊവിഡ് സെന്റര്‍ മാത്രമാക്കി ചുരുക്കിയത് പിന്‍വലിച്ച് മറ്റ് ചികില്‍സകള്‍ക്കും അവസരമൊരുക്കുക, ജില്ലയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി വിന്യസിക്കുക, കൊവിഡ് നിയന്ത്രണത്തിനായി മൂന്ന് സോണുകളായി തിരിച്ച് മൂന്ന് സബ് കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കുക, ജില്ലയില്‍ ആരോഗ്യമേഖലയില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തുക, ജില്ലയിലെ പോരായ്മകള്‍ക്ക് തൊലിപ്പുറ ചികില്‍സയല്ല, ശാശ്വതപരിഹാരമാണ് വേണ്ടത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജില്ലയില്‍ സമരഭവനങ്ങള്‍ തീര്‍ത്തത്. ഇതിനെല്ലാം പരിഹാരമെന്ന നിലയ്ക്കാണ് എസ്ഡിപിഐ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ജില്ല വിഭജിച്ച് രണ്ടുജില്ലയെന്ന ആശയം കൊണ്ടുവന്നതും.


 പക്ഷേ, മലപ്പുറം ജില്ലക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് യാതൊരു പരിഹാരവും കാണാതെ തികഞ്ഞ അവഗണ തുടരുകയാണ് അധികാരികള്‍. എസ്ഡിപിഐ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തി ജില്ലയിലെ എല്ലാ ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കുന്നുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തെഴുതിയിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അറിയിച്ചു. ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.


 തിരൂര്‍ മണ്ഡലം തല സമരപരിപാടി ജില്ലാ കമ്മിറ്റി അംഗം റഹീസ് പുറത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഷാഫി സബ്ക തിരൂര്‍, സി പി മുഹമ്മദ് അലി, നജീബ് തിരൂര്‍, ഹംസ അന്നാര, മുനീര്‍ വൈലത്തൂര്‍, മന്‍സൂര്‍ മാസ്റ്റര്‍, ഇബ്രാഹിം പുത്തുതോട്ടില്‍, സലാം നിറമരുതൂര്‍, മൊയ്ദൂട്ടി തലക്കടത്തൂര്‍, അബ്ദുല്‍ സലാം വൈലത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

വള്ളിക്കുന്ന്: സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ ആരോഗ്യരംഗത്തെ നിലനില്‍ക്കുന്ന അസൗകര്യങ്ങളും പരിമിതികളും പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വള്ളിക്കുന് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എസ്ഡിപിഐ ഭവനങ്ങളില്‍ ഡിമാന്‍ഡ് ഡേ ആയി ആചരിച്ചു.

ജനസംഖ്യാനുപാതികമായി ജില്ലയ്ക്ക് വാക്‌സിന്‍ അനുവദിക്കുക, കൊവിഡ് നിയന്ത്രണത്തിനായി മൂന്ന് സോണുകളായി തിരിച്ച് മൂന്ന് സബ് കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കുക, എല്ലാ പഞ്ചായത്തുകളിലും ആവശ്യത്തിന് വാക്‌സിനേഷന്‍ സെന്ററുകള്‍ അനുവദിക്കുക, ജില്ലയില്‍ പ്രതിദിനം 25,000 ആന്റിജന്‍ ടെസ്റ്റുകള്‍ ഗ്രാമപ്പഞ്ചായത്തുകള്‍ വഴി നടത്തുക, ജില്ലയ്ക്കാവശ്യമായ ചികില്‍സാ സൗകര്യങ്ങള്‍ ആശുപത്രികള്‍ സ്റ്റാഫുകള്‍ അനുവദിക്കുക, ആരോഗ്യമേഖലയില്‍ ജില്ലയില്‍ ഒഴിവുള്ള തസ്തികകള്‍ താല്‍ക്കാലിക അടിസ്ഥാനത്തിലെങ്കിലും ഉടന്‍ നികത്തുക, മഞ്ചേരി മെഡിക്കല്‍ കോളജിനെ പൂര്‍ണാര്‍ഥത്തില്‍ സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എസ്ഡിപിഐ സമരഭവനങ്ങള്‍ തീര്‍ത്തത്. മജീദ് വെളിമുക്ക്, അസീസ് ചേലാംമ്പ്ര, മുസ്ത്തഫ പാമങ്ങാടന്‍ ഭാസ്‌കരന്‍ ചാലിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News