നടി ആക്രമിക്കപ്പെട്ടകേസ്: വിചാരണ എറണാകുളത്തിന് പുറത്തേയക്ക് മാറ്റരുതെന്ന് പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍

വനിതാ ജഡ്ജി വേണമെന്ന ഇരയുടെ ആവശ്യം വിചാരണ വൈകിപ്പിക്കാന്‍ കാരണമാകുമെന്നും പള്‍സര്‍ സുനി മറ്റു ജില്ലകളിലേക്ക് കേസിന്റെ വിചാരണ മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. എറണാകുളത്തെ കോടതിയില്‍ തന്നെ വിചാരണ നടത്തണമെന്നും പള്‍സര്‍ സുനി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2019-02-07 14:47 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തു തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസിന്റെ വിചാരണ ജില്ലയ്ക്ക് പുറത്തുള്ള വനിതാ ജഡ്ജിയെ കേസ് ഏല്‍പ്പിക്കാനിടയുണ്ടെന്ന സാഹചര്യത്തിലാണ് സുനി കോടതിയെ സമീപിച്ചത്. വനിതാ ജഡ്ജി വേണമെന്ന ഇരയുടെ ആവശ്യം വിചാരണ വൈകിപ്പിക്കാന്‍ കാരണമാകുമെന്നും പള്‍സര്‍ സുനി ഹരജിയില്‍ പറയുന്നു. ഹരജി ജസ്റ്റിസ് വി രാജാവിജയരാഘവനാണ് പരിഗണിക്കുന്നത്.കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജിമാരെ നിയോഗിക്കണമെന്നഭ്യര്‍ഥിച്ചുകൊണ്ട് അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനിതാ ജഡ്ജിമാരെ ലഭിക്കുമോയെന്ന് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് എറണാകുളം,തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാരുടെ ലഭിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടികാട്ടി രജിസ്ട്രാര്‍ ഹൈക്കോടതിക്ക് റിപോര്‍ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജിയെ ലഭ്യമാണോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.ഇതിനിടയിലാണ് നടിയുടെ അപേക്ഷയില്‍ കക്ഷി ചേരാനുള്ള അപേക്ഷയുമായി പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.മറ്റു ജില്ലകളിലേക്ക് കേസിന്റെ വിചാരണ മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.എറണാകുളത്തെ കോടതിയില്‍ തന്നെ വിചാരണ നടത്തണമെന്നും പള്‍സര്‍ സുനി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി ഇപ്പോഴും ജയിലിലാണ്.കേസിലെ മറ്റൊരു പ്രതിയായ നടന്‍ ദിലീപ് അറസ്റ്റിലായിരുന്നുവെങ്കിലും ഇദ്ദേഹം 88 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. 

Tags:    

Similar News