നടിയെ ആക്രമിച്ച കേസ്: ദിലീപ് ഇന്നും കോടതിയില്‍ ഹാജരായില്ല
ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധനാരാണെന്ന് 10 ദിവസത്തിനകം അറിയിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന് ദിലീപ് വിചാരണനടപടികള്‍ക്കായി ഇന്നും കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് വിദേശത്തായിരുന്നു. എന്നാല്‍, തിങ്കളാഴ്ച തിരിച്ചെത്തിയെങ്കിലും ഇന്നും കോടതിയിലെത്തിയില്ല. അഭിഭാഷകന് മുഖേന അവധിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള മറ്റ് പ്രതികളെല്ലാം ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. കേസ് കോടതി ഈമാസം 11 ലേക്ക് മാറ്റി. സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് അവസരം നല്‍കിയിരുന്നു.
ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധനാരാണെന്ന് 10 ദിവസത്തിനകം അറിയിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. പകര്‍പ്പ് ദിലീപിന് നല്കാന് വിസമ്മതിച്ച കോടതി, സാങ്കേതിക വിദഗ്ധനെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍പ്പോയ ഒമ്പതാം പ്രതി സനില്‍കുമാറിന്റെ ജാമ്യക്കാരെ ഇന്ന് വിളിച്ചുവരുത്തി. ഒരാഴ്ചയ്ക്കകം പ്രതിയെ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യത്തുകയായ 80,000 രൂപ സാക്ഷികളില്‍നിന്ന് ഈടാക്കുമെന്ന് കോടതി അറിയിച്ചു. ഇയാളുടെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.