അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസ്: രഹസ്യമൊഴി നല്‍കാന്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായി

എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ബാലചന്ദ്രകുമാര്‍ രഹസ്യമൊഴി നല്‍കാന്‍ ഹാജരായിരിക്കുന്നത്.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദീലീപ് അടക്കം ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Update: 2022-01-12 08:37 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഡാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രഹസ്യമൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരായി.എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ബാലചന്ദ്രകുമാര്‍ രഹസ്യമൊഴി നല്‍കാന്‍ ഹാജരായിരിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദീലീപ് അടക്കം ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതോടെ മുന്‍കൂര്‍ ജാമ്യം തേടി ദീലീപ്,സഹോദരന്‍ അനൂപ,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിചാരണക്കോടതി വിസ്തരിക്കാനിരിക്കെയാണ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. നാലു വര്‍ഷത്തിനു മുന്‍പു കേസിനാസ്പദമായ സംഭവുണ്ടായെന്നു ഇപ്പോള്‍ വെളിപ്പെടുത്തുന്നതു സംശയകരമാണെന്നും ദിലീപ് വ്യക്തമാക്കി.ഹരജി പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് കോടതി മാറ്റിയിരിക്കുകയാണ്.

അതിനിടയില്‍ ബാലചന്ദ്രകുമാറില്‍ നിന്നും ഇന്നലെയും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.നടന്‍ ദീലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴിയെടുക്കലിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി.ശബ്ദം ദിലീപിന്റെയാണെന്ന് തെളിയിക്കാന്‍ അതിനു സപ്പോര്‍ട്ട് ചെയ്യുന്ന 20 ഓളം ശബ്ദ സാമ്പിളുകളും കൈമാറിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പല തവണ പല സ്ഥലങ്ങളില്‍ വെച്ചു പറഞ്ഞിട്ടുണ്ട്.

ഗൂഡാലോചന നടത്തിയെന്നത് കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദം അടിസ്ഥാന രഹിതമാണ്.ഒരു തെളിവും താന്‍ കൃത്രിമമായി ഉണ്ടാക്കിയിട്ടില്ല.ശബ്ദരേഖയിലുള്ളത് ദിലീപിന്റെ ശബ്ദമല്ലെന്ന് അദ്ദേഹം നിഷേധിച്ചിട്ടില്ല.മുഖ്യമന്ത്രിയ്ക്ക് കൊടുത്ത പരാതിയില്‍ പോലും അദ്ദേഹത്തിന്റെ ശബ്ദമല്ലെന്നോ അനിയന്റെ ശബ്ദമല്ലെന്നോ പറഞ്ഞിട്ടില്ല.കേസിന്റെ അവസാന ഘട്ടമായപ്പോള്‍ പോലിസ് തന്നെ രംഗത്തിറക്കിയതാണെങ്കില്‍ ആരോപണമുന്നയിക്കുന്നവര്‍ അതിന്റെ തെളിവു പുറത്തു വിടട്ടെയെന്നും ബാലചന്ദ്രകുമാര്‍ഇന്നലെ പറഞ്ഞിരുന്നു.

കുടുതല്‍ വിവരങ്ങള്‍ ഇന്ന് കോടതിയില്‍ പറയുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.ഗൂഡാലോചനക്കേസിലെ ആറാം പ്രതിയെന്നു പറയുന്ന വി ഐ പി ആരെന്നടക്കമുള്ള കാര്യങ്ങള്‍ ബാലചന്ദ്രകുമാര്‍ ഇന്ന് കോടതിയില്‍ ബോധിപ്പിക്കാനാണ് സാധ്യത.വി ഐ പി എന്ന് വിളിക്കുന്ന ആള്‍ തനിക്ക് പരിചിതനല്ലെന്നായിരുന്നു ഇന്നലെ ബാലചന്ദ്രകുമാര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

Tags: