നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്. 1711 പേജുള്ള വിധിന്യായത്തില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും പറയുന്നു. ജയിലിനുള്ളിലെ ഫോണ്‍ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. എന്നാല്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
ഗൂഢാലോചന നടന്നു എന്ന് പറയുന്നത് 2013 ലാണ്. എന്നാല്‍, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വര്‍ഷവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പോലിസിന് കഴിഞ്ഞില്ല. ദിലീപിനെ പൂട്ടണം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന്‍ കഴിഞ്ഞില്ല. 2013ല്‍ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നിങ്ങനെ അന്വേഷണസംഘത്തിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടതി വിധി.
2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ വിവിധ കേസുകളില്‍ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ കാലഘട്ടത്തില്‍ സുനി ഒളിവില്‍ പോയതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. എന്നാല്‍ ചില ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇതിലൊരു കേസില്‍ വെറുതെ വിട്ടിട്ടുമുണ്ട്. ഗൂഢാലോചന ആരോപിക്കുമ്പോള്‍ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തു എന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമായിരുന്നുവെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ സുനി മാസത്തിലൊരിക്കല്‍ വീട്ടില്‍ എത്തിയിരുന്നുവെന്ന് മൊഴി നല്‍കി. അതിനാല്‍ സുനി മറ്റ് കേസുകളില്‍ പെട്ടത് കൊണ്ട് ഗൂഢാലോചന പ്രകാരം 2015ല്‍ കുറ്റകൃത്യം നടപ്പാക്കിയില്ല എന്ന വാദം നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സുനി എവിടെയായിരുന്നു എന്ന് കൃത്യമായി അന്വേഷിക്കാനോ ആ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാനോ പൊലീസിന് കഴിഞ്ഞില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
വിവാഹമോതിരത്തിന്റെ ചിത്രം വ്യക്തമായി എടുത്ത് നല്‍കണമെന്ന് ദിലീപ് നിര്‍ദേശിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത്തരമൊരു വാദം അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമാണ് പറയുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ആദ്യറിപ്പോര്‍ട്ടില്‍ ഇത് അന്വേഷണസംഘം പരാമര്‍ശിച്ചിട്ടില്ല. ദൃശ്യങ്ങളില്‍ അതിജീവിതയുടെ മുഖം വ്യക്തമാണ്. അതിനാല്‍ വിവാഹമോതിരം കാണിച്ച് ഐഡന്റിറ്റി സ്ഥിരീകരിക്കണ്ട കാര്യമില്ല. ആദ്യ റിപ്പോര്‍ട്ടുകളില്‍ ഈ മോതിരത്തിന്റെ കാര്യം പറയുന്നില്ല. അത് അതിജീവിത കോടതിയില്‍ നല്‍കിയ മൊഴിക്ക് ശേഷമാണ് പരാമര്‍ശിക്കുന്നത്. ഇത് അതിജീവിതയുടെ മൊഴിയുമായി മാച്ച് ചെയ്യാന്‍ വേണ്ടിയാണോ എന്ന സംശയമുയര്‍ത്തുന്നതാണ്. അതിനാല്‍ ഒന്നും പ്രതിയും എട്ടാം പ്രതിയും ചേര്‍ന്ന് അത്തരമൊരു ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കോടതിക്കും ജഡ്ജിക്കുമെതിരെയുള്ള ആരോപണങ്ങള്‍ അവഗണിക്കുന്നുവെന്ന് വിധി പകര്‍പ്പില്‍ പരാമര്‍ശം. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പാക്കണം എന്ന തത്വത്തില്‍ വിശ്വസിക്കുന്നുവെന്നും വിധിയില്‍ എടുത്ത് പറയുന്നു .

