നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പള്‍സര്‍ സുനി വിചാരണ കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

Update: 2026-01-30 07:02 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പള്‍സര്‍ സുനി അടക്കം നാല് പ്രതികളാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 20 വര്‍ഷത്തെ കഠിന തടവാണ് പള്‍സര്‍ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്റണി മകന്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി പി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പേരില്‍ പള്‍സര്‍ സുനിയാവും ആദ്യം ജയിലില്‍ നിന്ന് പുറത്തിറങ്ങുക. പള്‍സര്‍ സുനി ഏഴര വര്‍ഷത്തോളം വിചാരണ തടവില്‍ കഴിഞ്ഞതിനാല്‍ 20 വര്‍ഷം കഠിന തടവില്‍ ഇനി 13 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതി. പള്‍സര്‍ സുനിക്കൊപ്പം മാര്‍ട്ടിന്‍ ആന്റണിയും (രണ്ടാം പ്രതി) ഏഴ് വര്‍ഷത്തോളം വിചാരണ തടവില്‍ കഴിഞ്ഞു. ഇയാളും 13 വര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതി. 2039 ഓടെ ഇവര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവും. മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠനാണ്. എന്നാല്‍ മൂന്നര വര്‍ഷമായി വിചാരണ തടവിലാണ് ഇയാള്‍. അവശേഷിക്കുന്ന 16 വര്‍ഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ് 2 വര്‍ഷമായി വിചാരണ തടവില്‍ കഴിയുകയാണ്. ഇയാള്‍ 16 വര്‍ഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, 2 വര്‍ഷം വിചാരണ തടവ് അനുഭവിച്ചത്. 20 വര്‍ഷത്തെ ശിക്ഷയില്‍ അവശേഷിക്കുന്ന 18 വര്‍ഷം തടവില്‍ കഴിയണം. ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപും 2 വര്‍ഷമായി വിചാരണ തടവുകാരനാണ്. 18 വര്‍ഷം ശിക്ഷാ കാലാവധിയാണ് പ്രതിക്ക് ബാക്കിയുള്ളത്.

എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. എന്നാല്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.









Tags: