നടിയെ ആക്രമിച്ച കേസ്:മാധ്യമങ്ങള്‍ വിവരങ്ങള്‍ പ്രസിദ്ദീകരിക്കുന്നത് തടയണമെന്ന് ദീലിപ്; ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

ദിലീപിന്റെ ആരോപണത്തെ കുറിച്ച അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. ദിലീപിന്റെ ആരോപണം ശരിയാണെങ്കില്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കി

Update: 2022-01-18 14:04 GMT

കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മാധ്യമങ്ങളില്‍ വിചാരണയ്ക്കു സമാനമായി കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടു കേസിലെ പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹരജിയിലാണ് കോടതി സംസ്ഥാന പോലിസ് മേധാവിയുടെ വിശദീകരണം തേടിയത്. ദിലീപിന്റെ ആരോപണത്തെ കുറിച്ച അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.

ദിലീപിന്റെ ആരോപണം ശരിയാണെങ്കില്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കി. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. ദിലീപ് നല്‍കിയ ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു പരാതിയുണ്ടെങ്കില്‍ കേസ് പരിഗണിക്കുന്ന വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു.

ഈ ആവശ്യമുന്നയിച്ചു ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപിന് അവകാശമില്ലെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ രഹസ്യവിചാരണയാണ് നടക്കുന്നതെന്നും ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തേക്കു വരുന്നില്ലെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി. ഹരജിക്കാരന്‍ നിസാര കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നും ഹരജി തള്ളണമെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.

Tags:    

Similar News