നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ്: തുടരന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

അന്വേഷണ പുരോഗതി റിപോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.റിപോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടുവെങ്കിലും പ്രോസിക്യൂഷന്‍ ഇതിനെ കോടതിയില്‍ എതിര്‍ത്തു

Update: 2022-01-20 09:07 GMT

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു.നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് ഈ മാസം 20 നകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

അന്വേഷണ പുരോഗതി റിപോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.റിപോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടുവെങ്കിലും പ്രോസിക്യൂഷന്‍ ഇതിനെ കോടതിയില്‍ എതിര്‍ത്തു.കേസിലെ പ്രതിക്ക് റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടക്കാനിടയുണ്ടെന്ന വാദവും പ്രോസിക്യൂഷന്‍ തള്ളി.

അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്ക് കൈമാറണമെന്നും അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റി.നേരത്തെ ഹൈക്കോടതി അനുവദിച്ച പുതിയ സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാന്‍ വിചാരണക്കോടതി അനുമതി നല്‍കി.പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹരജി കോടതി വിധി പറയാന്‍ മാറ്റി.

Tags: