അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക വാഗ്ദാനം ചെയ്ത് സലിംകുമാര്‍

കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ടെന്നും ഹൈബി വ്യക്തമാക്കി

Update: 2021-03-15 01:08 GMT

കൊച്ചി: കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മൽസരിക്കുന്ന അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ കെട്ടി വയ്ക്കാനുള്ള തുക സലിം കുമാര്‍ നല്‍കുമെന്ന് വാദ്ഗാനം ചെയ്തതായി ഹൈബി ഈഡന്‍ എംപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഈഡന്‍ ഇക്കാര്യം പങ്കുവച്ചത്. കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ടെന്നും ഹൈബി വ്യക്തമാക്കി.

ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെപ്പറ്റി ചോദിച്ചു.

പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിതകഥ ഹൃദയഭേദകമാണ്. അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്.

തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍.