യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടം; നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍
തിരുവനന്തപുരം: യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ നടന്‍ മണിയന്‍ പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ്. സംഭവത്തില്‍ നടനെതിരെ മ്യൂസിയം പോലിസ് കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയില്‍ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്‌ഐആറില്‍ നടന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. അതിനിടെയാണ് സ്റ്റേഷനില്‍ ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടന്‍ തന്നെ വൈദ്യപരിശോധന നടത്തും.
അതേസമയം, യുവാക്കള്‍ തന്റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്ന് രാജു പറഞ്ഞു. താന്‍ ഒരു ക്യാന്‍സര്‍ പേഷ്യന്റെ ആണ്. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിര്‍ത്താതെ പോയത് തെറ്റ് തന്നെയാണ്. ശബ്ദം കേട്ട ഉടനെ പാനിക് ആയി സുഹൃത്തിനെ വിളിച്ച വിവരം അറിയിക്കുകയായിരുന്നുവെന്നും രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. 'KL 01 CJ 04' നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് സാരമായ പരിക്കേറ്റു. വാഹനത്തിന്റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്‌ട്രേഷന്‍ രേഖ. ഇത് നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പോലിസ് വ്യക്തമാക്കി. രാത്രി തന്നെ നടന്റെ വീട്ടില്‍ പോലിസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ എസ് മെഡിസിറ്റി ആശുപത്രിയിലും ചികില്‍സയിലാണ്.
