കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ അടിച്ചു തകര്‍ത്ത സംഭവം:ജോജു ജോര്‍ജ്ജിന്റെ കൂടുതല്‍ മൊഴി പോലിസ് രേഖപ്പെടുത്തും

ജോജു ജോര്‍ജ് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ പോലിസ് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ തുടര്‍ നടപടിയുണ്ടാകു

Update: 2021-11-02 05:17 GMT

കൊച്ചി:ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് എറണാകുളം വൈറ്റിലയില്‍ നടത്തിയ വഴിതടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലിസ് ജോജു ജോര്‍ജ്ജില്‍ നിന്നും വിശദമായ മൊഴിയെടുക്കും.ജോജു ജോര്‍ജ്ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും വഴി തടഞ്ഞതിലും പോലിസ് ഇന്നലെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ജോജു ജോര്‍ജ്ജിന്റെ കാര്‍ അടിച്ച തകര്‍ത്ത സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലിസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിയുന്നതിനാണ് ജോജു ജോര്‍ജ്ജില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പോലിസ് തേടുന്നത്.ജോജു ജോര്‍ജ്ജിന്റെ കാര്‍ തല്ലി തകര്‍ത്തതിലൂടെ ആറു ലക്ഷം രൂപയും നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം.

അതേ സമയം ജോജു ജോര്‍ജ് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ പോലിസ് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ തുടര്‍ നടപടിയുണ്ടാകു. ജോജു ജോര്‍ജ്ജ് മദ്യപിച്ചെത്തിയാണ് ബഹളമുണ്ടാക്കിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ വൈദ്യ പരിശോധനയില്‍ ജോജു മദ്യപിട്ടില്ലായിരുന്നുവെന്ന് വ്യക്തമായിരുന്നു.

അതേ സമയം തന്റെ നേതൃത്വത്തില്‍ ജോജു ജോര്‍ജ്ജിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ചുവെന്നത് വാസ്തവ വിരുദ്ധമാണെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അദ്ദേഹം പറയുന്നത് മുഴുവന്‍ കള്ളമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും ടോണി ചമ്മണി പറഞ്ഞു.

Tags:    

Similar News