മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റുചെയ്തില്ല; സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ ജോലിയ്ക്കിടെ ഡോക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്‌കരിച്ചു. ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ചു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിലാണ് ഒരുമണിക്കൂര്‍ ഒ പി ബഹിഷ്‌കരിച്ചത്. രാവിലെ 10 മുതല്‍ 11 വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ചു.
അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി ചികില്‍സ, കൊവിഡ് ചികില്‍സ, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മുടക്കമുണ്ടായില്ല. മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ല. സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റുചെയ്യുന്നതില്‍ പോലിസ് കാണിക്കുന്നത് അനാസ്ഥയാണെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) വ്യക്തമാക്കി. ഒന്നര മാസം മുമ്പാണ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടര്‍ ഡോ. രാഹുല്‍ മാത്യുവിനെ പോാലിസുകാരന്‍ മര്‍ദ്ദിച്ചത്.
പോലിസുകാര്‍ ചെയ്ത തെറ്റ് മറച്ചുവച്ച് സംരക്ഷണം നല്‍കുന്നുവെന്നും സംഭവത്തില്‍ മാതൃകാ നടപടി ഉണ്ടാവണമെന്നുമാണ് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യപ്രതിഷേധത്തിലേക്ക് പോക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കാതെ പോലിസുകാരനുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റുചെയ്യണമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ജി എസ് വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഡോ. ടി എന്‍ സുരേഷ് എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
