ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന് ദാരുണാന്ത്യം. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാനായ എസ് എം രാജുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടിനത്തുവച്ചായിരുന്നു ചിത്രീകരണം.
അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തില്‍ വന്ന എസ്യുവി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവില്‍ ഒരുതവണ മലക്കംമറിഞ്ഞ് ഇടിച്ചുകുത്തി വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.
അപകടത്തില്‍ തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളിവുഡിലെ അറിയപ്പെടുന്ന സ്റ്റണ്ട്മാനായിരുന്ന രാജു ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.