സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി എബിവിപി കോളജുകളില്‍ വിഭജനഭീതി ദിനം ആചരിച്ചു; കാസര്‍കോഡ് എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷം

Update: 2025-08-14 06:10 GMT


കാസര്‍കോഡ്:
സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി സംസ്ഥാനത്തെ വിവിധ കോളജുകളില്‍ എബിവിപി വിഭജനഭീതി ദിനം ആചരിച്ചു. കാസര്‍കോഡ് ഗവ കോളജില്‍ ഇതേ തുടര്‍ന്ന് എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം ഉടലെടുത്തു. എബിവിപി ഒട്ടിച്ച പോസ്റ്റര്‍ എസ്എഫ്‌ഐ കീറിമാറ്റി. തുടര്‍ന്ന് എസ്എഫ്‌ഐ ഗവര്‍ണറുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവര്‍ണറും കേരള സര്‍ക്കാറും തമ്മില്‍ ഭിന്നത രൂക്ഷമായിരുന്നു. ക്യാംപസുകളില്‍ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടിലായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിര്‍ദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. പരിപാടി നടത്തിയാല്‍ തടയുമെന്നാണ് എസ്എഫ്‌ഐയുടേയും കെഎസ്‌യുവിന്റേയും നിലപാട്.

പരിപാടികള്‍ നടത്തണമെന്ന് ഓര്‍മ്മിപ്പിച്ച് വിസിമാര്‍ക്ക് വീണ്ടും ഗവര്‍ണര്‍ കത്തയച്ചിരുന്നു. എന്നാല്‍ ഒരു പരിപാടിയും നടത്തരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നാണ് എസ്എഫ്‌ഐയുടെയും കെഎസ്‌യുവിന്റെയും മുന്നറിയിപ്പ്. വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാന്‍സലറും പാടില്ലെന്ന് പ്രോ ചാന്‍സ്ലറും നിലപാടെടുത്തു. സംഘപരിവാര്‍ അജണ്ടക്കുള്ള നീക്കമെന്ന നിലയില്‍ വ്യപകമായ പ്രതിഷേധം ഉയരുമ്പോഴും ദിനാചരണത്തില്‍ രാജ്ഭവന് വിട്ടുവീഴ്ചയില്ല. പരിപാടികള്‍ സംഘടിപ്പിക്കണണെന്ന മുന്‍ നിര്‍ദ്ദേശം ഓര്‍മ്മിപ്പിച്ചുള്ള പുതിയ കത്തില്‍ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് കൂടി വിസിമാരോട് ആവശ്യപ്പെടുന്നു ഗവര്‍ണര്‍. രാജ്ഭവന്‍ നിര്‍ദ്ദേശം പാലിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഗവര്‍ണറുമായി അടുപ്പമുള്ള കെടിയു, കേരള, കണ്ണൂര്‍, വിസിമാര്‍ നിര്‍ദ്ദേശം താഴെത്തട്ടിലേക്ക് കൈമാറിയിട്ടുണ്ട്. കെടിയുവില്‍ നാടകം, സെമിനാറുകള്‍ അടക്കം സംഘടിപ്പിക്കണമെന്നാണ് പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടത്. കേരളയില്‍ എസ്എഫ്‌ഐ ഗവര്‍ണറുടെയും വിസിയുടെയും കോലം കത്തിച്ചു. കണ്ണൂരില്‍ വിസി പങ്കെടുത്ത ചടങ്ങിലേക്ക് ഭരണഘടനയുടെ പകര്‍പ്പുമായി എസ്എഫ്‌ഐ പ്രതിഷേധിച്ചു.