അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യം; ഹരജി തള്ളി ഹൈക്കോടതി

Update: 2024-10-10 14:34 GMT

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ഹരജി പൊതുതാല്‍പര്യത്തോടെയല്ലെന്നും സ്വകാര്യതാല്‍പര്യം മാത്രമാണെും കോടതി പറഞ്ഞു. ക്യാംപസിനുള്ളില്‍ ഒരു വിദ്യാര്‍ഥി സംഘടനയുടെ സ്മാരകം നിര്‍മിച്ചത് ശരിയായില്ല എന്നു കാണിച്ച് കെഎസ്യു പ്രവര്‍ത്തകരാണ് ഹരജി നല്‍കിയത്. മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ക്യാംപസില്‍ എസ്എഫ്ഐ സ്മാരകം പണിതത്.

സ്മാരകം അക്കാദമിക രംഗത്തെ ബാധിക്കുമെന്ന ഹരജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. സ്മാരകം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഹരജിക്കാര്‍ക്ക് തെളിയിക്കാനായില്ലെന്നും ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അഞ്ച് വര്‍ഷമായി കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.






Tags: