അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

Update: 2019-06-26 12:37 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കഴിഞ്ഞ ദിവസം അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. രാജ്യസഭാഎംപി രാജീവ് ചന്ദ്രശേഖറും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും സന്നിഹിതരായ ചടങ്ങില്‍ വച്ചു ബിജെപി വര്‍കിങ് പ്രസിഡന്റ് ജെപി നദ്ദയില്‍ നിന്നാണ് അബ്ദുല്ലക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് ലഭിക്കാതിരുന്നതോടെ കോണ്‍ഗ്രസില്‍ നിന്നകന്ന അബ്ദുല്ലക്കുട്ടി തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു രംഗത്തെത്തിയിരുന്നു. ഗാന്ധിയുടെ മാര്‍ഗമാണ് മോദി സ്വീകരിക്കുന്നതെന്നും വികസനത്തിന്റെ വിജയമാണ് മോദിയുടെ വിജയമെന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതേതുടര്‍ന്നാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

മോദി സ്തുതി നടത്തിയതിനെ തുടര്‍ന്നാണ് 2009ല്‍ സിപിഎം അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയത്. തുടര്‍ന്നു കോണ്‍ഗ്രസില്‍ ചേരുകയും കണ്ണൂര്‍ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുകയും ചെയ്തു. കണ്ണൂരില്‍ നിന്നും വിജയിച്ച അദ്ദേഹം അടുത്ത തവണയും സീറ്റ് നിലനിര്‍ത്തി. എന്നാല്‍് 2016ല്‍ തലശ്ശേരി സീറ്റിലേക്കു മാറ്റുകയും സിപിഎം സ്ഥാനാര്‍ഥി എഎന്‍ ഷംസീറിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. 

Tags:    

Similar News