അബ്ദുറഹ്മാന്‍ ഔഫ് വധം: ഒന്നാം പ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍നിന്ന് സസ്‌പെന്റ് ചെയ്തു

കൊലപാതകവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി ഇര്‍ഷാദിന് പങ്കുള്ളതായുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ തല്‍സ്ഥാനത്തുനിന്ന് സസ്‌പെന്റ് ചെയ്തതായും ഫിറോസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Update: 2020-12-25 13:30 GMT

കാസര്‍കോട്: കാഞ്ഞങ്ങാട് അബ്ദുറഹ്മാന്‍ ഔഫ് വധക്കേസിലെ ഒന്നാം പ്രതിയായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ തല്‍സ്ഥാനത്തുനിന്ന് സസ്‌പെന്റ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യമറിയിച്ചത്. കൊലപാതകത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഔഫ് എന്ന സഹോദരന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്.

കൊലപാതകം സംബന്ധിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതുസംബന്ധിച്ച് സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം നടക്കണം. സത്യാവസ്ഥ പുറത്തുവരണം. കൊലപാതകവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി ഇര്‍ഷാദിന് പങ്കുള്ളതായുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ തല്‍സ്ഥാനത്തുനിന്ന് സസ്‌പെന്റ് ചെയ്തതായും ഫിറോസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് മൊഴി നല്‍കിയതായി പോലിസ് അറിയിച്ചിരുന്നു. ഇര്‍ഷാദ് അടക്കം കൊലയാളി സംഘത്തിലെ മൂന്നുപേരെ നേരത്തെ കൊല്ലപ്പെട്ട റൗഫിന്റെ സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ ശുഹൈബ് തിരിച്ചറിഞ്ഞിരുന്നു. മുണ്ടത്തോട് സ്വദേശി ഹാഷിര്‍, എംഎസ്എഫ് നേതാവ് ഫസല്‍ എന്നിവരും കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇവരെ നേരത്തെ തന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തില്‍ നാലുപേരുണ്ടെന്നാണ് പോലിസ് പറയുന്നത്.

Tags: