മഅ്ദനി: എഎഫ്എസ്എ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുക- അല്‍ഹാദി അസോസിയേഷന്‍

രാജ്യത്തെ മതേതര ജനാധിപത്യമൂല്യങ്ങളെയും സ്ഥാപനങ്ങളെയും തകര്‍ത്ത് വിദ്വേഷത്തിന്റെയും അരക്ഷിതാവസ്ഥയുടെയും സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുളള തല്‍പര കക്ഷികളുടെ കുതന്ത്രങ്ങളെ കരുതിയിരിക്കണം.

Update: 2019-09-26 05:08 GMT

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടുകാലമായി ജയില്‍പീഡനമനുഭവിച്ചുകൊണ്ടിരിക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അവിടത്തെ ശിഷ്യന്‍മാരുടെ സംഘടനയായ അന്‍വാര്‍ ഫോര്‍മര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഈമാസം 28ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കമെന്ന് അല്‍ഹാദി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

അതീവഗുരുതരാവസ്ഥയില്‍ ബംഗളൂരുവിലെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന മഅ്ദനിയുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ കാണിക്കുന്ന നിസ്സംഗതമാറ്റി നീതിപരമായ ഇടപെടല്‍ നടത്തണമെന്നും വിദേശത്ത് പ്രശ്‌നത്തില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി ഫാക്‌സ് അയച്ചവര്‍ മഅ്ദനിയുടെ കാര്യത്തില്‍ മൗനംപാലിക്കുന്നത് വളരെ അപകടകരമായ ഒരു അവസ്ഥയാണെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ മതേതര ജനാധിപത്യമൂല്യങ്ങളെയും സ്ഥാപനങ്ങളെയും തകര്‍ത്ത് വിദ്വേഷത്തിന്റെയും അരക്ഷിതാവസ്ഥയുടെയും സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുളള തല്‍പര കക്ഷികളുടെ കുതന്ത്രങ്ങളെ കരുതിയിരിക്കണം.

അഖണ്ഡഭാരത സങ്കല്‍പത്തെ തകിടം മറിക്കുന്ന കുല്‍സിതശ്രമമാണ് പൗരത്വരജിസ്റ്റര്‍. തങ്ങളുടേതല്ലാത്ത തെറ്റിന്റെ പേരില്‍ ഒന്നരമാസത്തിലധികമായി മൗലികാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ട് തുറന്ന ജയിലുകളിലകപ്പെട്ട കശ്മീരികള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ അന്താരാഷ്ട്രമനുഷ്യാവകാശ സംഘടനകള്‍പോലും മടിച്ചുനില്‍ക്കുന്നത് ദുഃഖകരമാണ്. ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതിയില്‍നിന്ന് വസ്തുതകള്‍ അടിസ്ഥാനപ്പെടുത്തി ന്യായമായ വിധി പ്രതീക്ഷിക്കുന്നതായും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ സൈനുദ്ദീന്‍ ബാഖവി, കല്ലമ്പലം എസ് അര്‍ഷദ് ഖാസിമി, പാനിപ്ര ഇബ്രാഹിം ബാഖവി, മാഹീന്‍ ഹസ്രത്ത്, ആബിദ് മൗലവി അല്‍ ഹാദി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Tags:    

Similar News