കോഴിക്കോട് പള്ളിയില്‍ കയറി ജയ്ശ്രീറാം മുഴക്കിയും വിദ്വേഷ പരാമര്‍ശം നടത്തിയും യുവാവ്

Update: 2024-06-09 09:25 GMT
താമരശ്ശേരി: ആളുകള്‍ നിസ്‌ക്കരിക്കുന്നതിനിടെ പള്ളിയില്‍ കയറി ജയ്ശ്രീറാം മുഴക്കിയും വിദ്വേഷ പരാമര്‍ശം നടത്തിയും യുവാവിന്റെ പ്രകടനം. കോഴിക്കോട് താമരശ്ശേരി പള്ളിയിലാണ് സംഭവം. തന്റെ 'പ്രകടന'ത്തിന്റെ വീഡിയോ ചിത്രീകരിച്ച ഇയാള്‍ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. താമരശ്ശേരി കാരാടി ജുമാമസ്ജിദില്‍ നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കകത്ത് കയറിയായിന്നു ഇയാളുടെ അഭ്യാസം. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് ആണ് ഈ വിദ്വേഷ പ്രവൃത്തി നടത്തിയത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.

പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കുമെന്ന വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഒരു വീഡിയോ. രണ്ടാമത്തെ വീഡിയോയില്‍ ഇയാള്‍ മുസ്ലിംകളെ അസഭ്യം പറയുന്നതാണ്.

ആളുകള്‍ നിസ്‌കാരത്തിലായതിനാല്‍ ഇയാള്‍ പള്ളിയില്‍ കയറിയത് അറിഞ്ഞിരുന്നില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് താമരശ്ശേരി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.