ശ്രീനാരായണ ഗുരുവിന്റെ നാട്ടിലാണ് ഗോള്‍വാള്‍ക്കറിന്റെ പേര് നൽകുന്നതെന്ന് എ വിജയരാഘവൻ

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായും ജമാഅത്തെയുമായും കോണ്‍ഗ്രസിന് സഖ്യമുണ്ട്.

Update: 2020-12-06 09:56 GMT

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ നാട്ടിലാണ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കുന്നതെന്ന് എ വിജയരാഘവന്‍ വിമര്‍ശിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ കാംപസിന് ഗോള്‍വാള്‍ക്കറിന്റെ പേരിടാന്‍ തീരുമാനിച്ച നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു വിജയരാഘവന്റെ പ്രതികരണം.

കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനാണ് പേര് പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും സ്ഥാപനത്തിന്റെ പേര്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായും ജമാഅത്തെയുമായും കോണ്‍ഗ്രസിന് സഖ്യമുണ്ട്. ബിജെപിയും ജമാഅത്തും ഒന്നിച്ചു ചേരുന്നത് യുഡിഎഫിലാണെന്നും അകലെ നിന്ന് പ്രസംഗം കേട്ടാല്‍ ചെന്നിത്തലയേത് സുരേന്ദ്രന്‍ ഏതെന്ന് തിരിച്ചറിയാനാവില്ലെന്നും വിജയരാഘവന്‍ പരിഹസിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ അറസ്റ്റ് എല്ലാ അന്വേഷണങ്ങളും പൂര്‍ത്തിയായ ശേഷമാണെന്നും ഇനിയും അറസ്റ്റിനായി കൂടുതല്‍ പേര്‍ റെഡിയായി നില്‍ക്കുകയാണെന്നും അവര്‍ക്കെതിരേയും വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

കേരള സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കമാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത്. ഇത് കേരള വിരുദ്ധതയാണ്. നീതി രഹിതമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാല്‍ ഇടതുപക്ഷം മുട്ടുവിറച്ച് നില്‍ക്കില്ലെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു.