മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം; ഏഴ് പേര്‍ പിടിയില്‍; നാല് പേര്‍ക്കായി തിരച്ചില്‍

Update: 2025-05-11 06:54 GMT

തൃശൂര്‍: സ്വദേശിയായ കണ്ണന്‍, തൃശൂര്‍ സ്വദേശിയായ പ്രമോദ്, വൈക്കം സ്വദേശിയായ ആല്‍ബിന്‍, വൈക്കം സ്വദേശിയായ അര്‍ജുന്‍, ആലപ്പുഴ സ്വദേശികളായ വിജേഷ്, ശ്രീജിത്ത്, ആദര്‍ശ് എന്നിവരാണ് പിടിയിലായത്. നാലുപേര്‍ക്കായിക്കൂടി പോലിസ് അന്വേഷണം വ്യാപകമാണ്. പണവുമായി പോകുന്നവരെ വാഹനം ആക്രമിച്ചു കൊള്ളയടിക്കുകയാണ് ഇവരുടെ രീതി. മലയാളികളെയാണ് കൊള്ള സംഘം ലക്ഷ്യമിട്ടിരുന്നത്.

തെളിവെടുപ്പിനിടെ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയാണ് ആലപ്പുഴ സ്വദേശി ആദര്‍ശിനെ വെടിവച്ചത്. ജനുവരി 20ന് കൊടുവള്ളി സ്വദേശിയായ വ്യവസായിയെ ആക്രമിച്ച് വാഹനവും പണവുമായി കടന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ സംഭവം നടന്ന ജയപുര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ എത്തിക്കുകയായിരുന്നു. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട ആദര്‍ശ് സമീപത്തുണ്ടായിരുന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് പോലിസിനെ ആക്രമിച്ചു. പോലിസുകാരെ പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദര്‍ശിന്റെ കാലില്‍ പോലിസ് വെടിവെച്ചത്. പരിക്കേറ്റ പോലിസുകാരെയും ആദര്‍ശിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശിയാണ് ആദര്‍ശ്. മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്.