ഉറപ്പാണ് നൂറ്, ഉറപ്പാണ് സെഞ്ച്വറി; വിലക്കയറ്റത്തിൽ സർക്കാരിനെ പരിഹസിച്ച് ടി സിദ്ദീഖ്‌

സംസ്ഥാനത്ത് തക്കാളിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് എംഎല്‍എ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Update: 2022-05-21 10:26 GMT

കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ നൂറ് സീറ്റ് തികയ്ക്കുമെന്ന എല്‍ഡിഎഫിന്റെ വാദത്തെ പരിഹസിച്ച് ടി സിദ്ദീഖ് എംഎല്‍എ. ഉറപ്പാണ് 100, ഉറപ്പാണ് സെഞ്ച്വറി എന്ന് കുറിച്ചുകൊണ്ട് തക്കാളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം. സംസ്ഥാനത്ത് തക്കാളിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് എംഎല്‍എ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

രാജ്യമൊട്ടാകെ തക്കാളി വില കുതിച്ചു കയറുകയാണ്. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് തക്കാളിയുടെ അഖിലേന്ത്യാവില കിലോക്ക് 35.08 രൂപയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് വില നൂറുകടന്നത്. ഉത്പാദനം കുറഞ്ഞതാണ് തക്കാളിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. കൂടാതെ, ഇന്ധനവില ഉയരുന്നതും വില വര്‍ധനയ്ക്ക് മറ്റൊരു കാരണമാണ്.

കിലോക്ക് 100 രൂപ നിരക്കിലാണ് പത്തനംതിട്ടയില്‍ തക്കാളി വിറ്റത്. കര്‍ണാടകയില്‍ തക്കാളിക്ക് കിലോക്ക് 80 രൂപയായിരുന്നു വില. മുംബൈയില്‍ 65 രൂപയും കൊല്‍ക്കത്തയില്‍ 83 രൂപയും ചെന്നൈയില്‍ 77 രൂപയുമാണ് തക്കാളിയുടെ വിലയുള്ളത്.

Similar News