കണ്ടെയ്‌നര്‍ ലോറിയുമായി പിടികൂടിയ കുപ്രസിദ്ധ മോഷണസംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടയാളെ പിടികൂടി

Update: 2025-07-15 14:42 GMT

കൊച്ചി: എറണാകുളം നെട്ടൂരില്‍ കണ്ടെയ്‌നര്‍ ലോറിയുമായി പിടികൂടിയ കുപ്രസിദ്ധ മോഷണസംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടയാളെ സാഹസികമായി പിടികൂടി പനങ്ങാട് പോലിസ്. കസ്റ്റഡിയിലിരിക്കെ പോലീസ് സ്റ്റേഷന്റെ ശുചിമുറിയിലെ ജനല്‍ തകര്‍ത്താണ് രാജസ്ഥാന്‍ സ്വദേശിയായ സൈക്കുള്‍ കടന്നു കളഞ്ഞത്.

സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഘത്തിലുണ്ടായിരുന്ന ഇയാള്‍ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ വെന്റിലേഷന്‍ തകര്‍ത്ത് രക്ഷപ്പെടുന്നത്. പോലിസ് സ്റ്റേഷന് പിറകിലെ കാട്ടിലേക്കാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് സ്റ്റേഷന്‍ പരിസരത്ത് പോലീസ് തിരച്ചില്‍ ആരംഭിച്ചു. നാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ സ്റ്റേഷന്റെ പിറകിലെ കെട്ടിടത്തില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തുന്നത്.

പിന്നാലെയെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. മൂന്ന് പേരെയും കോടതിയിലെത്തിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.

അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാന കണ്ണികളാണ് ഇപ്പോള്‍ കൊച്ചിയില്‍ പിടിയിലായിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാജസ്ഥാന്‍, ഹരിയാണ സ്വദേശികളെയും മോഷണത്തിന് ഉപയോഗിക്കുന്ന കണ്ടെയ്‌നര്‍ ലോറിയും പനങ്ങാട് പോലീസ് പിടികൂടിയത്.

മറ്റു സംസ്ഥാനത്തുനിന്ന് ഒരു കണ്ടെയ്‌നര്‍ ലോറി ഇതുവഴി പോകുന്നുവെന്നായിരുന്നു ലഭിച്ച വിവരം. പുലര്‍ച്ചെ 4:30-ഓടെ നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടുന്നത്. എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. ഇവ മാറ്റി വീണ്ടും പരിശോധിച്ചപ്പോള്‍ ഗ്യാസ് കട്ടറടക്കമുള്ളവ ഇതില്‍നിന്ന് കണ്ടെത്തി.