അങ്കണവാടിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ച് വയസുകാരന് പൊള്ളലേറ്റ സംഭവം; കേസെടുത്തു

Update: 2024-05-12 10:01 GMT

കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ച പാല്‍ നല്‍കി അഞ്ച് വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ കേസെടുത്ത് പോലിസും ബാലാവകാശ കമ്മീഷനും. അങ്കണവാടി ഹെല്‍പ്പര്‍ കോളാട് സ്വദേശി വി.ഷീബക്കെതിരെയാണ് കേസ്. അങ്കണവാടി ജീവനക്കാര്‍ക്ക് ശ്രദ്ധക്കുറവ് സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വീട്ടിലേക്ക് അങ്കണവാടിയില്‍ നിന്നും വിളി വരുന്നത്. കുട്ടിയുടെ താടിയിലെ തോല്‍ പൊളിയുന്നുവെന്നായിരുന്നു അറിയിപ്പ്. പിതാവ് പോയി നോക്കിയപ്പോള്‍ മകന്റെ കീഴ്ത്താടിയും ചുണ്ടും നാവുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു.

സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ തയാറായില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.