കാര്‍ വളഞ്ഞു, 15-ഓളം പേര്‍ ചേര്‍ന്ന് പെട്രോള്‍ പമ്പില്‍ വച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം: പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാട്ടാക്കട മയിലോട്ടുമൂഴിയില്‍ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. കളിക്കാട് പെട്രോള്‍ പമ്പില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് സംഭവം.
കള്ളിക്കാടുള്ള പമ്പില്‍ നിന്ന് വാഹനത്തിന് പെട്രോള്‍ അടിക്കാനായി എത്തിയതായിരുന്നു ബിജു. പെട്രോള്‍ അടിച്ചുകൊണ്ടിരിക്കുന്നതിനിടെ 15 ഓളം പേര്‍ സ്ഥലത്തെത്തി കാര്‍ വളയുകയായിരുന്നു. പിന്നാലെ ബിജുവിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു. കാറിന്റെ പിന്നിലുള്ള സീറ്റിലേക്ക് ഇയാളെ വലിച്ചിടുകയും ചെയ്തു. കുറച്ചുപേര്‍ വാഹനത്തില്‍ കയറി ബിജുവിനെയും കൊണ്ട് കള്ളിക്കാട് ഭാഗത്തേക്ക് പോയി.
കാട്ടാക്കട പോലിസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. പനച്ചമൂട് സ്വദേശിയായ ബിജുവും കുടുംബവും മൈലോട്ടുമൂഴിയിലെ വാടക വീട്ടില്‍ ഒമ്പത് മാസത്തോളമായി താമസിച്ചു വരികയാണ്. ഇയാള്‍ നെയ്യാറ്റിന്‍കരയില്‍ റാബിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരികയാണ്.