നിയമസഭയിൽ ശിവൻകുട്ടിക്കെതിരെ പ്രതിഷേധിച്ചില്ല: വിഡി സതീശനെതിരേ എ-ഐ ഗ്രൂപ്പുകൾ
സമരം ശക്തമാക്കാൻ യുഡിഎഫ് ഉടൻ ചേരാനൊരുങ്ങുന്നതിനിടെ ഇന്ന് അടിയന്തിര പ്രമേയനോട്ടീസിൽ തന്ത്രം പിഴച്ചുവെന്നാണ് കോൺഗ്രസ്സിലെ അമർഷം.
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെ രാജിക്കായുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അടിയന്തിര പ്രമേയ നോട്ടിസിൻ്റെ മറുപടിയിൽ മന്ത്രിക്കെതിരേ പ്രതിഷേധം പ്രകടിപ്പിക്കാതിരുന്ന വിഡി സതീശൻ്റെ നടപടിയിൽ കോൺഗ്രസ്സിൽ അതൃപ്തി. കൂടിയാലോചനകളില്ലാതെ സ്വന്തം നിലക്ക് തീരുമാനമെടുക്കുന്നുവെന്നാണ് വിഡി സതീശനെതിരായ എ-ഐ ഗ്രൂപ്പുകളുടെ പരാതി. അതേ സമയം ശിവൻകുട്ടിയെ ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു സതീശൻറെ വിശദീകരണം.
നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടണമെന്ന സുപ്രിംകോടതി ഉത്തരവിന് പിന്നാലെ ശിവൻകുട്ടിയുടെ രാജിക്കായി സഭക്ക് അകത്തും പുറത്തും യുഡിഎഫ് നടത്തിയ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നത്. കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയിൽ ശിവൻകുട്ടിയുടെ മറുപടിയോട് സഹകരിക്കാതെ പ്രതിപക്ഷം മുദ്രാവാക്യം ഉയർത്തിയിരുന്നു. സമരം ശക്തമാക്കാൻ യുഡിഎഫ് ഉടൻ ചേരാനൊരുങ്ങുന്നതിനിടെ ഇന്ന് അടിയന്തിര പ്രമേയനോട്ടീസിൽ തന്ത്രം പിഴച്ചുവെന്നാണ് കോൺഗ്രസ്സിലെ അമർഷം.
പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ ശിവൻകുട്ടിയുടെ മറുപടിയിൽ പ്രതിപക്ഷനിര ശാന്തമായിരുന്നു. മന്ത്രിയോട് പ്രശ്നങ്ങൾ ഉന്നയിച്ചത് പ്രതിപക്ഷനേതാവ്. ആകെ ഉണ്ടായ പ്രതിഷേധം ഇറങ്ങിപ്പോക്ക് മാത്രം. നോട്ടിസ് നൽകിയ എംകെ മുനീർ നോട്ടിസ് മുഖ്യമന്ത്രിക്കാണ് നൽകിയതെന്ന് മാത്രം സൂചിപ്പിച്ച് പ്രതിഷേധമെല്ലാം ഒതുക്കി.
എന്നാൽ കിട്ടിയ അവസരം നന്നായി മുതലാക്കിയ ശിവൻകുട്ടി പ്രതിപക്ഷനേതാവിനെ പുകഴ്ത്തുകയും പ്ലസ് വൺ സീറ്റ് പ്രശ്നം തീർക്കാൻ വീട്ടിലെത്തി ചർച്ച നടത്താൻ വരെ തയ്യാറാവുകയും ചെയ്തു. ലീഗിനായിരുന്നു ഇന്ന് അടിയന്തിര പ്രമേയത്തിനുള്ള അവസരം. എന്നാൽ പ്ലസ്ടു പ്രശ്നത്തിൽ രാാഷ്ട്രീയം വേണ്ടെന്ന നിലപാടിൽ സതീശനും ലീഗുമെത്തുകയായിരുന്നുവെന്നാണ് സൂചന.
