മലപ്പുറം കുറ്റിപ്പുറത്ത് 13കാരന്‍ മരിച്ചത് എച്ച് 1 എന്‍ 1 ബാധിച്ച്

ഇന്‍ഫ്ലുവന്‍സ വൈറസ് കാരണമുണ്ടാകുന്ന രോഗമാണ് എച്ച് 1 എന്‍1 പനി.

Update: 2023-06-22 15:04 GMT

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞദിവസം കുറ്റിപ്പുറത്തിനടുത്ത് പൈങ്കണ്ണൂരില്‍ 13കാരനായ വിദ്യാര്‍ഥി മരണപ്പെട്ടത് എച്ച് 1 എന്‍ 1 വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചതാണ് ഇക്കാര്യം. എച്ച് 1 എന്‍ 1 മൂലമുണ്ടാകുന്ന ഇത്തരം പനികള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം പനി ബാധിച്ചാണ് വിദ്യാര്‍ഥി മരിച്ചത്. ഇതേക്കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. വിശദമായ പരിശോധനയിലാണ് മരണം എച്ച് 1 എന്‍ 1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.


 ഇന്‍ഫ്ലുവന്‍സ വൈറസ് കാരണമുണ്ടാകുന്ന രോഗമാണ് എച്ച് 1 എന്‍1 പനി. സാധാരണ പകര്‍ച്ചപ്പനിയുടെയും എച്ച് 1 എന്‍ 1 പനിയുടെയും ലക്ഷണങ്ങള്‍ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാല്‍ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോഴുമാണ് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത്. കടുത്ത പനി, ചുമ, കടുത്ത തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പതിവിലും ശക്തമായ രീതിയില്‍ രോഗം തുടരുകയാണെങ്കില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരാം.





Tags:    

Similar News