കടപ്ര, നിരണം പഞ്ചായത്തുകളില്‍ 88പേര്‍ക്ക് കാന്‍സര്‍ രോഗം; വിദഗ്ധപഠനം നടത്തും

കടപ്ര പഞ്ചായത്തിലെ 13, നിരണം പഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലാണ് കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുള്ളത്.

Update: 2019-07-28 07:46 GMT

പത്തനംതിട്ട: തിരുവല്ല നിയമസഭാ മണ്ഡലത്തിലെ കടപ്ര, നിരണം ഗ്രാമപഞ്ചായത്തുകളില്‍ 88 പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ അടിയന്തരമായി വിദഗ്ധ പഠനം നടത്താനും കാരണം കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം. ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ എല്‍ ഷീജയ്ക്കും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷനും നിര്‍ദേശം നല്‍കി.

രണ്ടു പഞ്ചായത്തുകളിലുമായി 88 പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ഗൗരവപൂര്‍വമുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്നും ആക്ഷന്‍പ്ലാന്‍ തയാറാക്കി നടപ്പാക്കണമെന്നും വിഷയം അവതരിപ്പിച്ച അഡ്വ.മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. കാന്‍സര്‍ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടെത്തണം. കടപ്ര പഞ്ചായത്തിലെ 13, നിരണം പഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലാണ് കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ഭയാശങ്കയ്ക്ക് പരിഹാരം കാണണം.

തുടര്‍നടപടി തീരുമാനിക്കുന്നതിന് 30ന് രാവിലെ 10ന് തിരുവല്ല ആര്‍ഡിഒ ഓഫീസില്‍ എംഎല്‍എ, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡിഎംഒ, തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയല്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം ചേരണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ സബ് കലക്ടര്‍ നിരീക്ഷിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 

Tags: