സാലറി ചലഞ്ച്: കൊവിഡ് ഡ്യൂട്ടിക്കായി നിയമിച്ച 868 താല്‍കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു

സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തിന്റെ 20 ശതമാനം പിടിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.

Update: 2020-09-03 04:30 GMT

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ച 868 താല്‍കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജി നല്‍കി. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തിന്റെ 20 ശതമാനം പിടിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. കൊവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എല്‍ടിസികളിലേക്ക് 950 ജൂനിയര്‍ ഡോക്ടര്‍മാരാണ് നിയമിക്കപ്പെട്ടത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിക്ക് ചേര്‍ന്ന ഡോക്ടര്‍മാര്‍ക്ക് 42,000 രൂപയാണ് ശമ്പളം. ഇതില്‍ 350 പേര്‍ക്കാണ് ഇതുവരെ ശമ്പളം കിട്ടിയത്. കിട്ടിയവര്‍ക്ക് തന്നെ സാലറി ചാലഞ്ചും നികുതിയും കിഴിച്ച് 27000 രൂപ മുതല്‍ 29000 വരെയാണ് കയ്യില്‍ കിട്ടിയത്. ശമ്പളമില്ലാതെ ജോലി ചെയ്യാനാകില്ലെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്. നിലവിലുള്ള 950 പേരില്‍ നൂറ് പേരുടെ കാലാവധി സെപ്തംബര്‍ 12ന് അവസാനിക്കും. ബാക്കിയുള്ള 800ലധികം ഡോക്ടര്‍മാര്‍ രാജിക്കത്തും നല്‍കി കഴിഞ്ഞു. സെപ്തംബര്‍ പത്തുമുതല്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകില്ല. ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി കടുത്തവെല്ലുവിളിയാകും. ഇവരുടെ ശമ്പളവും തസ്തിക നിര്‍ണയിക്കാത്തതിനെതിരെ നേരത്തെ പ്രതിഷേധമുണ്ടായിരുന്നു. തസ്തിക നിര്‍ണയിച്ച് പിന്നീട് ഉത്തരവായെങ്കിലും പകുതിപ്പേര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല.  

Tags: