വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി
2013 ഒക്ടോബര്‍ 15ന് രാവിലെ ആറരയ്ക്കാണ് സീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസിലെ പ്രതിയായ അബ്ദുസലാം രണ്ടുവര്‍ഷത്തിനുശേഷമാണ് പിടിയിലായത്.
മഞ്ചേരി: വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി ഉത്തരവിട്ടു. 80 വയസ്സുകാരിയായ സീതയെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയ്ക്കല്‍ ചുടലപ്പറമ്പ് പാലപ്പുറ അബ്ദുല്‍സലാ (39) മിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 9ന് ജഡ്ജി ടി പി സുരേഷ് ബാബു പ്രസ്താവിക്കും. 2013 ഒക്ടോബര്‍ 15ന് രാവിലെ ആറരയ്ക്കാണ് സീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസിലെ പ്രതിയായ അബ്ദുസലാം രണ്ടുവര്‍ഷത്തിനുശേഷമാണ് പിടിയിലായത്.
പ്രതിയെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗവും മലപ്പുറം ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്. തനിച്ചുതാമസിക്കുന്ന സീതയുടെ സ്വര്‍ണാഭരണങ്ങള്‍ ലക്ഷ്യമാക്കിയാണ് അബ്ദുല്‍ സലാം കൊലപാതകം നടത്തിയത്. രാത്രിയില്‍ സീതയുടെ വീടിന്റെ ജനലഴി അറുത്ത് അബ്ദുല്‍ സലാം ഉള്ളില്‍ക്കയറിയാണ് ഉറക്കത്തിലായിരുന്ന സീതയെ കൊലപ്പെടുത്തിയത്. ശബ്ദം കേട്ടുണര്‍ന്ന സീത സലാമിനെ തിരിച്ചറിഞ്ഞതൊടെ മുളകുപൊടി മുഖത്തെറിയുകയായിരുന്നു. തുടര്‍ന്ന് കട്ടിലിലേക്കു വീണ സീതയുടെ കൈകാലുകള്‍ അബ്ദുല്‍ സലാം കെട്ടിയിടുകയും വായില്‍ തുണി തിരുകിയശേഷം കഴുത്തില്‍ മുണ്ടുമുറുക്കി കൊലപ്പെടുത്തിയെന്നുമാണ് കേസ്.
സീത ധരിച്ചിരുന്ന മുക്കുത്തിയും തോടയും കൈക്കലാക്കിയ ശേഷം സലാം രക്ഷപ്പെട്ടു. കോട്ടയ്ക്കല്‍ പോലിസായിരുന്നു ആദ്യം കേസന്വേഷിച്ചിരുന്നത്. കൊലപാതകത്തെത്തുടര്‍ന്നു സീതയുടെ വീട്ടില്‍നിന്ന് ശേഖരിച്ച വിരലടയാളവും അബ്ദുല്‍ സലാമിന്റെ വിരലടയാളവും പോലിസ് പരിശോധിച്ചു. എട്ടുമാസത്തെ അന്വേഷണത്തിനിടെ അബ്ദുല്‍ സലാമിനെ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂണില്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എസ്പി കെ ബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരുന്നു കേസന്വേഷിച്ചത്.
ഈറോഡില്‍ സലാമുണ്ടെന്ന് അന്നത്തെ മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്റയ്ക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ക്രൈം സ്‌ക്വാഡും ക്രൈംബ്രാഞ്ചും റെയില്‍വേ സ്റ്റേഷനിലെത്തി അബ്ദുല്‍ സലാമിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയുടെ പേരില്‍ കൊയിലാണ്ടി, കരിപ്പൂര്‍, പരപ്പനങ്ങാടി എന്നീ പോലിസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. 58 സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി വാസു ഹാജരായി.
