80 പാലങ്ങള്‍, അഞ്ച് ഫ്‌ളൈ ഓവറുകള്‍; എസി റോഡ് ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവും: മന്ത്രി ജി സുധാകരന്‍

ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പ്രധാനപാത എല്ലാ വര്‍ഷവും മഴക്കാലത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെടുമായിരുന്നു. ഇതിന് ശാശ്വതപരിഹാരമായാണ് എസി റോഡിലെ എലിവേറ്റഡ് പാത എന്ന അഭിമാനപാതയുടെ നിര്‍മാണം.

Update: 2020-09-13 14:52 GMT

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായ ആലപ്പുഴ -ചങ്ങനാശ്ശേരി (എസി) റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കേരളത്തിലെ പ്രധാന നാല് നദികളായ പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ എന്നിവയും വേമ്പനാട്ട് കായലും തീര്‍ക്കുന്ന ജലസമൃദ്ധിയില്‍ ആറാടുന്ന സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന നെല്ലറയായ കുട്ടനാടിന് നടുവിലൂടെയാണ് എസി റോഡ് കടന്നുപോവുന്നത്.

ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പ്രധാനപാത എല്ലാ വര്‍ഷവും മഴക്കാലത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെടുമായിരുന്നു. ഇതിന് ശാശ്വതപരിഹാരമായാണ് എസി റോഡിലെ എലിവേറ്റഡ് പാത എന്ന അഭിമാനപാതയുടെ നിര്‍മാണം. പൊതുമരാമത്ത് വകുപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പൊതുമരാമത്ത്, പ്ലാനിങ് ബോര്‍ഡ്, ജലവിഭവം, കൃഷി, ധനകാര്യം, തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 14/12/2018, 18/5/2019 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടന്ന ശില്‍പശാലയില്‍ ആലപ്പുഴ മുതല്‍ പെരുന്ന വരെയുള്ള 24.18 കി.മീ പാത വെള്ളപ്പൊക്കത്തെ പൂര്‍ണ്ണമായും അതിജീവിക്കുന്ന തരത്തില്‍ എലിവേറ്റഡ് പാത നിര്‍മിക്കാന്‍ ധാരണയായി.

വിശദമായ അലൈന്‍മെന്റ് പ്ലാന്‍ തയ്യാറാക്കുകയും മണ്ണിന്റെ ഘടനാപരിശോധനകള്‍ക്കായി 95 സ്ഥലത്ത് 75 മീറ്ററോളം ആഴത്തില്‍ ബോറിംഗ് നടത്തി സാംപിളുകള്‍ 13 തരം പരിശോധനകള്‍ക്ക് വിധേയമാക്കി. ഇടതുസര്‍ക്കാരിന്റെ പുതിയ കാലം, പുതിയ നിര്‍മാണം എന്ന ആശയത്തിലൂന്നിയാണ് നവീകരിക്കുന്ന റോഡിനും ഫ്‌ളൈ ഓവറുകള്‍ക്കുമുള്ള ഡിസൈന്‍ തയ്യാറാക്കിയിട്ടുള്ളത്. വാഹനഗതാഗതത്തിന് 10 മീറ്റര്‍ വീതിയുള്ള രണ്ടു വരിപ്പാതയും ഇരുവശത്തും നടപ്പാതയുമടക്കം 13 മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയാണ് റോഡിനുണ്ടാവുക.

പ്രളയത്തിലെ ഉയര്‍ന്ന ജലനിരപ്പ് അടിസ്ഥാനമാക്കി റോഡ് ഉയര്‍ത്തുന്നതിനുവേണ്ടി ഈ പ്രദേശത്തെ പ്രത്യേക ഘടനയെ ആസ്പദമാക്കിയും മണ്ണിനെ സംബന്ധിച്ച സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശപ്രകാരവും 20 കി.മീറ്ററില്‍ 3 തരത്തിലുള്ള നിര്‍മാണരീതിയാണ് അവലംബിച്ചിട്ടുള്ളത്. ഒന്നാമത്തേത് 2.9 കിമീ ബിഎംബിസി മാത്രം ചെയ്ത് റോഡ് നിലനിര്‍ത്തുന്നതിനും രണ്ടാമത്തേത് 8.27 കി.മീ കയര്‍ ഭൂവസ്ത്രത്തിന്റെ പാളികള്‍ കൊണ്ട് വശങ്ങള്‍ ശക്തിപ്പെടുത്തിയും മൂന്നാമത്തേത് 9.0 കി.മീ ജിയോ ഗ്രിഡും കയര്‍ ഭൂവസ്ത്രത്താല്‍ എന്‍ കേസ് ചെയ്ത സ്റ്റോണ്‍ കോളവും ഉപയോഗിച്ചുള്ള ഇംപ്രൂവ്‌മെന്റുമാണ് അവലംബിച്ചിരിക്കുന്നത്.

നിലവിലെ റോഡിന്റെ ഒരുവശത്ത് ജലാശയവും മറുഭാഗത്ത് പാടവും വരുന്ന ഭാഗത്ത് റോഡിന് സമാനമായ രീതിയിലും റോഡിന്റെ ഒരുഭാഗത്ത് ജലാശയവും മറുഭാഗത്ത് വീടുകളും വരുന്ന സ്ഥലങ്ങളില്‍ പ്രദേശവാസികളുടെ സഞ്ചാരത്തിന് തടസ്സം വരാത്ത രീതിയില്‍ സര്‍വീസ് റോഡും നല്‍കിയാണ് ഫ്‌ളൈ ഓവറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാംകര പാലത്തിനും മങ്കൊമ്പ് ജങ്ഷനുമിടയിലെ 370 മീറ്ററും മങ്കൊമ്പ് ജങ്ഷനും കള്‍വെര്‍ട്ടിനും ഇടയിലെ 440 മീറ്ററും തെക്കേക്കര ഭാഗത്ത് 240 മീറ്ററും ജ്യോതി ജങ്ഷനും പറശ്ശേരില്‍ പാലത്തിനുമിടയില്‍ 250 മീറ്ററും പൊങ്ങ കള്‍വെര്‍ട്ടിനും പണ്ടാരക്കളത്തിനുമിടയില്‍ 485 മീറ്ററും നീളത്തിലാണ് ഫ്‌ളൈ ഓവറുകള്‍ ക്രമീകരിച്ചിക്കുന്നത്. ഫ്‌ളൈ ഓവറുകളുടെ ആകെ നീളം 1.785 കിലോമീറ്ററാണ്.

നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ഒമ്പത് കോസ്‌വേകള്‍ 400 മീറ്റര്‍ ആകെ നീളത്തില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ റോഡിലുടനീളം 67 സ്ഥാനങ്ങളില്‍ 3 മീറ്റര്‍ വീതമുള്ള പുതിയ കള്‍വെര്‍ട്ട് നിര്‍മ്മിക്കുവാനും ഡിപിആറില്‍ നിര്‍ദേശമുണ്ട്. എസി റോഡില്‍ കാല്‍നടപ്പാത ഇല്ലാത്തതും വീതി കുറഞ്ഞതുമായ പാലങ്ങളായ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളിലും പുതുക്കുന്ന റോഡിന്റെ ഘടനക്കനുസരിച്ച് ഇരുവശങ്ങളില്‍ നടപ്പാത നല്‍കി വീതികൂട്ടിയാണ് പണിയുക.

നടപ്പാതകളുടെ അടിയില്‍ ഒരുവശത്ത് ഓടയും മറുവശത്ത് ഡക്റ്റും കനാലിന്റേയും പാടശേഖരങ്ങളുടേയും ഭാഗത്ത് വശങ്ങളില്‍ ഉടനീളം ക്രാഷ് ബാര്യറും സോളാര്‍ ലൈറ്റുകളും കാത്തിരിപ്പുകേന്ദ്രങ്ങളും ബസ്‌ബേകളും സ്ഥാപിക്കുന്നതാണ്. 625 കോടി നിര്‍മാണ ചെലവുള്ള 80 പാലങ്ങളും 5 ഫ്‌ളൈ ഓവറുകളുമുള്ള ഈ പദ്ധതി പൂര്‍ത്തീകരണത്തിന് മൂന്നുവര്‍ഷമാണ് സമയ പരിധി കണക്കാക്കിയിരിക്കുന്നത്. ഇടതുസര്‍ക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അഭിമാനമുഖമാവുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവുന്നതോടു കൂടി നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. 

Tags:    

Similar News