മലപ്പുറം ജില്ലയില്‍ 725 പേര്‍ക്ക് കൂടി കൊവിഡ്; 659 സമ്പര്‍ക്കരോഗികള്‍, 889 പേര്‍ക്ക് രോഗമുക്തി
ഉറവിടമറിയാതെ 58 പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരായ മൂന്നുപേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചു.
മലപ്പുറം: ജില്ലയില്‍ ഇന്ന് 725 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 659 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 58 പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരായ മൂന്നുപേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചു.
രോഗബാധയുണ്ടായവരില്‍ ഒരാള്‍ വിദേശരാജ്യത്തുനിന്ന് എത്തിയതും നാല് പേര്‍ അന്തര്‍സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. ജില്ലയില്‍ വിദഗ്ധചികില്‍സയ്ക്ക് ശേഷം 889 പേരാണ് ഇന്ന് രോഗമുക്തരായത്. ഇവരുള്‍പ്പെടെ 44,835 പേരാണ് കൊവിഡ് പ്രത്യേക ചികില്‍സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
നിരീക്ഷണത്തില്‍ 62,477 പേര്‍
62,477 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,502 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 673 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 483 പേരും 323 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.
മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 244 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്. ജില്ലയില്‍ ഇതുവരെ 2,73,223 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 1,892 സാംപിളുകളുടെ ഫലം ലഭ്യമാവാനുണ്ട്.
ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണം
രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റൈനില്‍ കഴിയണം.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

