നിര്‍മാണ മേഖലയില്‍ നഷ്ടം 7000 കോടി; പെരുവഴിയിലായി ചെറുകിട കച്ചവടക്കാരും

പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.

Update: 2020-05-01 08:30 GMT

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയില്‍. ഈ വര്‍ഷം വില്‍പ്പനയില്‍ 7000 കോടിയുടെ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നിര്‍മാണമേഖലയിലെ ഏകീകൃത സംഘടനയായ ക്രഡായ് കേരള ആവശ്യപ്പെട്ടു.

കേരളത്തിന്റെ ജിഡിപിയുടെ 20 ശതമാനവും നിര്‍മ്മാണ മേഖലയില്‍ നിന്നാണ്. ലോക്ക് ഡൗണ്‍ വന്നതോടെ മേഖല നിശ്ചലമായി. നിക്ഷേപകരില്‍ ഭൂരിഭാഗവും പ്രവാസികളാണ്. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബുക്ക് ചെയ്ത പദ്ധതികളില്‍ നിന്ന് പലരും പിന്‍മാറുകയാണ്.

റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിലവില്‍ വന്നതോടെ പിന്‍മാറുന്ന നിക്ഷേപകര്‍ക്ക് 45 ദിവസത്തിനകം പണം മടക്കി നല്‍കണം. നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഇതിന് വലിയ പിഴ നല്‍കണം. ഈ സാഹചര്യത്തില്‍ റെറയുടെ വ്യവസ്ഥകള്‍ രണ്ട് വര്‍ഷത്തേങ്കിലും മരവിപ്പിക്കണം.

നിര്‍മ്മാണ മേഖലയിലെ വിദഗ്ധ തൊഴിലാളിക്ക് പ്രതിദിനം 938 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഭൂമിയുടേയും കെട്ടിടങ്ങളുടേയും രജിസ്ട്രേഷന്‍ നിരക്ക് 10 ശതമാനമെന്നത് പകുതിയായി കുറക്കണം. ഭൂമിയുടെ ന്യായവില കൂട്ടിയ തീരുമാനം പിന്‍വിലക്കണമെന്നും ക്രഡായ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതിനിടെ, കേരളത്തില്‍ പ്രതിസന്ധിയിലായി ചെറുകിട കച്ചവടക്കാരും. കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും ഉപഭോക്താക്കള്‍ ആരും തന്നെ കടകളിലേക്കെത്തുന്നില്ല. ഞായറാഴ്ച മുതലാണ് റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ച് തുടങ്ങിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒരുമാസം അടച്ചിട്ട ശേഷമാണ് കടകള്‍ തുറന്നത്. ആദ്യ ദിവസങ്ങളില്‍ ചെറിയ കച്ചവടങ്ങള്‍ നടന്നിരുന്നു.

അടഞ്ഞുകിടന്നിരുന്നതിനാല്‍ പല തുണിക്കടകളിലെയും സ്റ്റോക്കുകള്‍ നശിച്ചു. പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ലോക്ക് ഡൗണിന് ശേഷം സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Tags:    

Similar News