മലപ്പുറം ജില്ലയില്‍ 589 കൊവിഡ് രോഗികള്‍; 1,300 പേര്‍ക്ക് രോഗമുക്തി
രോഗബാധിതരായവരില്‍ 547 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 31 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്.
മലപ്പുറം: ജില്ലയില്‍ 589 പേര്‍ക്ക് ഇന്ന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരായവരില്‍ 547 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 31 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ ആറ് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാലുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 1,300 പേര്‍ക്കാണ് രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 40,011 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ജില്ലയില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ജനകീയ പങ്കാളിത്തത്തോടെ ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് രോഗവ്യാപനം തടയാനുള്ള ഊര്‍ജിത കര്‍മപദ്ധതികള്‍ നടപ്പാക്കി വരികയാണ്. ആരോഗ്യജാഗ്രത കര്‍ശനമായി പാലിച്ച് രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
61,156 പേര്‍ നിരീക്ഷണത്തില്‍
61,156 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,083 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 846 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 647 പേരും സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 161 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. 226 പേരാണ് കോവിഡ് പോസിറ്റീവായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്.
ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അഭ്യര്‍ഥിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

