വെമ്പായത്ത് ഡിവൈഎഫ്‌ഐ ഭാരവാഹികളടക്കം 49 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് 49 പേരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

Update: 2020-06-16 14:47 GMT

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി. ഡിവൈഎഫ്ഐ യൂനിറ്റ് ഭാരവാഹികളടക്കം 49 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നടന്ന വെമ്പായത്തെ വാഴോട്ടുപൊയ്കയിലാണ് ഡിവൈഎഫ്ഐ. പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്.

വാഴോട്ടുപൊയ്കയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് 49 പേരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഡിവൈഎഫ്ഐ വാഴോട്ടുപൊയ്ക യൂനിറ്റ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ അടക്കമുള്ള പ്രവര്‍ത്തകരും ഇവരുടെ കുടുംബാഗങ്ങളുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

തങ്ങളെ എതിര്‍ക്കുന്നവരെ വകവരുത്തുന്നതാണ്‌ സിപിഎമ്മിന്റെ നീക്കമെന്നും സിപിഎം വിട്ടുവന്നവരെ പോറലേല്‍ക്കാതെ സംരക്ഷിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടിവിട്ട് വന്നവര്‍ക്ക് നിലവില്‍ ബിജെപിയില്‍ ഭാരവാഹിത്വമൊന്നും നല്‍കിയിട്ടില്ല. സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പേരെ ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.