കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍: 47 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 89 കേസുകള്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്- 15 പേര്‍.

Update: 2020-06-27 17:03 GMT

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലിസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 47 പേര്‍ അറസ്റ്റിലായി. 143 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്- 15 പേര്‍.

തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ടുസ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കൂടുന്നതായി കേരളാ സൈബര്‍ ഡോമിന്റെയും കേരളാ പോലിസിന്റെ കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സപ്ലോയിറ്റേഷന്‍ വിഭാഗത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതെത്തുടര്‍ന്നുള്ള നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ 117 സംഘങ്ങള്‍ സംസ്ഥാനത്താകെ പരിശോധന നടത്തുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, ലാപ്‌ടോപ്പുകള്‍, മെമ്മറി കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളാണ് വിവിധയിടങ്ങളില്‍നിന്ന് പിടിച്ചെടുത്തത്. പോലിസ് കണ്ടെത്തിയ വീഡിയോകളില്‍ പലതും സംസ്ഥാനത്തുള്ള ആറുവയസു മുതല്‍ 15 വരെയുള്ള കുട്ടികളുടേതാണെന്നും പോലിസ് അറിയിച്ചു. 

Tags: