ചങ്ങനാശ്ശേരി മാനസികാരോഗ്യകേന്ദ്രത്തില്‍ എട്ടുവര്‍ഷത്തിനിടെ 30 മരണങ്ങള്‍; സമഗ്രാന്വേഷണം നടത്തുമെന്ന് എഡിഎം

സ്ഥാപനത്തിലെ രജിസ്റ്ററുകള്‍ പരിശോധിച്ചതില്‍നിന്നാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. 2012 മുതല്‍ ഇതുവരെ സ്ഥാപനത്തില്‍ മുപ്പതിലേറെ മരണങ്ങള്‍ നടന്നതായി കണ്ടെത്തി. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടും. സ്ഥാപനത്തിന്റെ ലൈസന്‍സ് സംബന്ധിച്ചും തര്‍ക്കമുണ്ട്.

Update: 2020-03-01 15:27 GMT

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ എട്ടുവര്‍ഷത്തിനിടെ 30 പേര്‍ മരിച്ചെന്ന് കണ്ടെത്തല്‍. കോട്ടയം എഡിഎം നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ വിവരങ്ങള്‍ ലഭിച്ചത്. മരണപ്പെട്ടതില്‍ ആത്മഹത്യകളും ഉള്‍പ്പെടും. വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് പരിശോധന നടത്തിയ എഡിഎം അനില്‍ ഉമ്മന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പുതുജീവന്‍ ട്രസ്റ്റിലെ ദുരൂഹമരണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. കോട്ടയം ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കോട്ടയം എഡിഎം പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്.

സ്ഥാപനത്തിലെ രജിസ്റ്ററുകള്‍ പരിശോധിച്ചതില്‍നിന്നാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. 2012 മുതല്‍ ഇതുവരെ സ്ഥാപനത്തില്‍ മുപ്പതിലേറെ മരണങ്ങള്‍ നടന്നതായി കണ്ടെത്തി. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടും. സ്ഥാപനത്തിന്റെ ലൈസന്‍സ് സംബന്ധിച്ചും തര്‍ക്കമുണ്ട്. നിലവില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതിയിലെ നിലനില്‍ക്കുന്ന കേസുകളുടെ പിന്‍ബലത്തിലാണ്. നിരവധി ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരില്‍നിന്നും ജീവനക്കാരില്‍നിന്നും എഡിഎം വിവരങ്ങള്‍ ശേഖരിച്ചു. രണ്ടുദിവസത്തിനകം കോട്ടയം ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എഡിഎം അറിയിച്ചു.

അതിനിടെ, ഇന്നലെ രാത്രിയോടെ സമാനരോഗലക്ഷണങ്ങളോടെ മറ്റൊരു അന്തേവാസിയെക്കൂടി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നുപേര്‍ അഗതിമന്ദിരത്തില്‍ മരിക്കാനിടയായ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിഷയത്തില്‍ ഇടപെട്ടത്. മൂന്നുപേരുടെയും മരണം എച്ച്1 എന്‍1, കൊറോണ വൈറസ് ബാധ മൂലമല്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാപനത്തിന്റെ നടത്തിപ്പിനെതിരേയും ആരോപണങ്ങളുയര്‍ന്നു.

ഉയര്‍ന്ന ഫീസ് വാങ്ങിയാണ് സ്ഥാപനത്തില്‍ അന്തേവാസികളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും മര്‍ദനമുറകള്‍ നടക്കുന്നുണ്ടെന്നായിരുന്നു പരാതി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച മൂന്നുപേരുടെ മരണകാരണം ന്യൂമോണിയ ആണെന്നാണ് പ്രാഥമികനിഗമനം. കൂടുതല്‍ വ്യക്തത വരുന്നതിനായി ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്തിരിക്കുകയാണ് പോലിസും ആരോഗ്യവകുപ്പും.

മരിച്ച രണ്ടുപേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കിയിരുന്ന മരുന്നുകളിലെ ഈയത്തിന്റെ അളവാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈയത്തിന്റെ അളവ് കൂടിയാലും മരണം സംഭവിക്കാം. ഇതുകൂടാതെ, ചികില്‍സയില്‍ കഴിയുന്ന ഏഴ് അന്തേവാസികളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പുതുജീവന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച് കേസ് നടക്കുന്നുണ്ടെന്നും കോടതിവിധി അനുസരിച്ച് മാത്രമേ തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നും എഡിഎം വ്യക്തമാക്കി. 

Tags:    

Similar News