ഓണ്‍ലൈന്‍വഴി അഭിഭാഷകരായി എന്റോള്‍ ചെയ്ത് മര്‍കസ് ലോ കോളജ് മൂന്നാം ബാച്ചിലെ 25 വിദ്യാര്‍ഥികള്‍
സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് ഓണ്‍ലൈന്‍ വഴിയുള്ള എന്റോള്‍മെന്റ്. സംസ്ഥാനത്തിനു പുറമെ ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപില്‍ നിന്നുമുള്ള മൂന്നാം ബാച്ചിലെ വിദ്യാര്‍ഥികളാണ് ഇന്നലെ അഭിഭാഷക സനദ് നേടിയത്.
കോഴിക്കോട്: നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളജിലെ 25 വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴി അഭിഭാഷകരായി എന്റോള്‍ ചെയ്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് ഓണ്‍ലൈന്‍ വഴിയുള്ള എന്റോള്‍മെന്റ്. സംസ്ഥാനത്തിനു പുറമെ ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപില്‍ നിന്നുമുള്ള മൂന്നാം ബാച്ചിലെ വിദ്യാര്‍ഥികളാണ് ഇന്നലെ അഭിഭാഷക സനദ് നേടിയത്. ത്രിവല്‍സര കോഴ്‌സ് പൂര്‍ത്തിയാക്കിയ രണ്ട് ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മര്‍കസ് ലോ കോളജില്‍നിന്നും അഭിഭാഷക സനദെടുത്തിരുന്നു. ഇതില്‍ മുപ്പതോളംപേര്‍ സഖാഫി ബിരുദ ധാരികള്‍ കൂടിയാണ്.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച മര്‍കസ് ലോ കോളജില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 400 വിദ്യാര്‍ഥികളാണുള്ളത്. അക്കാദമിക പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളിലും പരിശീലനം നല്‍കുന്നതായി വൈസ് പ്രിന്‍സിപ്പാള്‍ അഡ്വ.സമദ് പുലിക്കാട് അറിയിച്ചു. കൂടാതെ ആദിവാസി ഊരുകള്‍ കേന്ദ്രമാക്കിയുള്ള ബോധവല്‍ക്കരണ ക്യാംപുകള്‍, വില്ലേജ് ലീഗല്‍ എയ്ഡ് ക്യാംപുകള്‍ എന്നിവ നടന്നുവരുന്നു.
കത്‌വ കേസിലെ ഇരയുടെ കുടുംബം ഉള്‍പ്പെടുന്ന ബക്കര്‍ വാലി സമൂഹത്തെ നിയമപരമായി ശാക്തീകരിക്കുന്നതിന് മര്‍കസ് ലോ കോളജ് കശ്മീരില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. അസം പൗരത്വവിഷയത്തില്‍ ലോ കോളജിന് കീഴില്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിച്ചു. ഇക്കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എല്‍എല്‍ബി റാങ്കും മര്‍കസ് ലോ കോളജിനെ തേടിയെത്തി. കഴിഞ്ഞദിവസം എന്റോള്‍ ചെയ്ത വിദ്യാര്‍ഥികളെ മര്‍കസ് ലോ കോളജ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ അഭിനന്ദിച്ചു.
