ശോഭാ സുരേന്ദ്രനും പിഎം വേലായുധനും പിന്തുണയുമായി കെപി ശ്രീശന്‍
കെ സുരേന്ദ്രന്‍ അധ്യക്ഷനായതിനു ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിയാണെന്നാരോപിച്ച് പരാതി നല്‍കി
കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വത്തിനെരേ വിമര്‍ശനമുന്നയിച്ച് രംഗത്ത് വന്ന ശോഭാ സുരേന്ദ്രനും പിഎം വേലായുധനും പിന്തുണയുമായി ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെപി ശ്രീശന്‍ രംഗത്തെത്തി. മറ്റ് നിവര്‍ത്തിയൊന്നും ഇല്ലാത്തത് കൊണ്ടാണ് പരസ്യ പ്രതികരണം ഉണ്ടായത്. അവഗണിക്കപ്പെട്ടു എന്ന തോന്നല്‍ ആര്‍ക്കും വരാതെ നേതൃത്വം നോക്കണമായിരുന്നുവെന്നും ശ്രീശന്‍ പറഞ്ഞു.
പരാതികള്‍ പരിഹരിക്കപ്പെടണം. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകണമെന്നും ശ്രീശന്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ 24 ബിജെപി നേതാക്കള്‍ പരാതി നല്‍കി. കെ സുരേന്ദ്രന്‍ അദ്ധ്യക്ഷനായതിനു ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിയാണെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ സുരേന്ദ്രന്‍ ഒരു വിഭാഗം നേതാക്കളെ മുന്‍നിര്‍ത്തി പാര്‍ട്ടി കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും അമിത് ഷായ്ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രാദേശിക തലത്തിലും അസംതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ കൂടി സംഘടിപ്പിച്ച് പരാതി ഉന്നയിക്കാനാണ് ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന വിമത വിഭാഗത്തിന്റെ നീക്കം.
