ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെ ഫലം നെഗറ്റീവ്

പൊതുപ്രവര്‍ത്തകനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടേത് ഉള്‍പ്പെടെയുള്ള ഫലങ്ങള്‍ നെഗറ്റീവായത് ആരോഗ്യവകുപ്പിന് ആശ്വാസം പകരുകയാണ്.

Update: 2020-03-30 12:44 GMT

ഇടുക്കി: ചെറുതോണിയില്‍ കൊറോണ സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെ സ്രവപരിശോധനാഫലം നെഗറ്റീവ്. 10 മാസം പ്രായമായ കുഞ്ഞിന്റേത് ഉള്‍പ്പെടെയുള്ള പരിശോധനാഫലമാണ് നെഗറ്റീവായത്. തിങ്കളാഴ്ചയാണ് ഫലം പുറത്തെത്തുവന്നത്. പൊതുപ്രവര്‍ത്തകനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടേത് ഉള്‍പ്പെടെയുള്ള ഫലങ്ങള്‍ നെഗറ്റീവായത് ആരോഗ്യവകുപ്പിന് ആശ്വാസം പകരുകയാണ്.

പൊതുപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഇയാളുടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആദ്യപരിശോധന ഫലവും നെഗറ്റീവാണ്. ഇതുവരെയുള്ള പരിശോധനാഫലങ്ങളില്‍ ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫലം മാത്രമാണ് പോസിറ്റീവ്. ഞായറാഴ്ചയാണ് സുഹൃത്തിന്റെ പരിശോധനാഫലം ലഭിച്ചത്. ചുരുളി സ്വദേശിയായ ഇയാളുടെ കടയില്‍ പൊതുപ്രവര്‍ത്തകന്‍ പോയിരുന്നു. 42 വയസുള്ള ഇയാള്‍ നിലവില്‍ ഇടുക്കി മെഡിക്കല്‍ കോളജിലെ കൊവിഡ് ഐസോലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലാണ്.

ബ്രിട്ടീഷ് പൗരനടക്കം ഇടുക്കില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലാണ്. ചികില്‍സയിലുള്ള മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവിന്റെ രണ്ടാമത്തെ സ്രവപരിശോധനാഫലം നെഗറ്റീവായിരുന്നു. മൂന്നാമത്തെ സ്രവപരിശോധനാഫലംകൂടി നെഗറ്റീവായാല്‍ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങാം. തുടര്‍ന്ന് 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാവും.  

Tags:    

Similar News