സ്വകാര്യ ധനകാര്യസ്ഥാപനം 21 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന് പരാതി

കോട്ടയം നാഗമ്പടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്‌സ് ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മണി ചെയിന്‍ മാതൃകയില്‍ പലരില്‍നിന്നായി 21 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചത്. 50,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് നിക്ഷേപമായി നല്‍കിയത്.

Update: 2019-10-08 17:01 GMT

കണ്ണൂര്‍: സ്വകാര്യ ധനകാര്യസ്ഥാപനം സംസ്ഥാന വ്യാപകമായി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നിക്ഷേപകര്‍ രംഗത്ത്. കോട്ടയം നാഗമ്പടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്‌സ് ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മണി ചെയിന്‍ മാതൃകയില്‍ പലരില്‍നിന്നായി 21 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചത്. 50,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് നിക്ഷേപമായി നല്‍കിയത്. ഒരു കുടുംബത്തില്‍നിന്ന് രണ്ടും മൂന്നും പേര്‍ നിക്ഷേപത്തില്‍ പങ്കാളിയായവരും ഉണ്ട്. നിശ്ചിതസമയപരിധിക്കുശേഷം നിക്ഷേപത്തുക ഇരട്ടിയായി തിരിച്ചുനല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് കമ്പനി പണം സ്വീകരിച്ചത്.

എന്നാല്‍, അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്. കമ്പനിയുടെ വഞ്ചനയ്ക്ക് ഇരയായെന്ന് മനസ്സിലായതോടെ 200 ഓളം പേര്‍ ചൊവ്വാഴ്ച പയ്യന്നൂര്‍ രാമന്തളിയിലുള്ള കമ്പനിയുടെ ഓഫിസിന് മുന്നില്‍ തടിച്ചുകൂടി. തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരേ നിക്ഷേപകര്‍ പയ്യന്നൂര്‍ പോലിസിലും പരാതി നല്‍കിയിട്ടുണ്ട്. ആളുകളില്‍നിന്ന് പണം സ്വീകരിക്കുന്നതിനും പദ്ധതിയില്‍ ചേര്‍ക്കുന്നതിനുമായി ഏജന്റുമാരെയും നിയോഗിച്ചിരുന്നു. കമ്പനി പറഞ്ഞ മോഹനവാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് ഏജന്റുമാര്‍ പണത്തിനായി ആളുകളെ സമീപിച്ചത്.

ആളുകളെ പദ്ധതിയില്‍ ചേര്‍ത്താല്‍ ഇവര്‍ക്ക് ജോലി നല്‍കാമെന്ന ഉറപ്പും കമ്പനി ഏജന്റുമാര്‍ക്ക് നല്‍കിയിരുന്നു. നിക്ഷേപം സ്വീകരിക്കുന്നത് ബാങ്കിന്റെ പേരിലാണെന്നായിരുന്നു ഏജന്റുമാര്‍ പറഞ്ഞിരുന്നത്. പലരും ഇതെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് ബോണ്ട് നല്‍കിയപ്പോഴാണ് ബാങ്കിന്റെ പേരിലല്ല, സ്വകാര്യ സ്ഥാപനത്തിന്റെ പേരിലാണ് പണം സ്വീകരിച്ചതെന്ന് വ്യക്തമായത്. ഇതിനകംതന്നെ നിരവധി പേര്‍ കമ്പനിക്ക് നിക്ഷേപമായി കോടികള്‍ നല്‍കുകയും ചെയ്തു. കൃത്യസമയത്ത് നിക്ഷേപം തിരികെ ലഭിക്കാതെ വന്നതോടെ ഏജന്റുമാരോട് ഇവര്‍ പണം ചോദിച്ചുതുടങ്ങി.

ഏജന്റുമാര്‍ കമ്പനി ഉടമകളെ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാവുന്നത്. കമ്പനി ഈ പദ്ധതി നിര്‍ത്തിയിട്ട് രണ്ടുവര്‍ഷമായെന്നാണ് ഏജന്റുമാര്‍ക്ക് വിവരം ലഭിച്ചത്. കോട്ടയം സ്വദേശികളായ സുരേഷ്, രാജീവ് എന്നിവരാണ് കമ്പനിയുടെ പേരില്‍ ക്ലാസുകള്‍ നടത്തിയതും നിക്ഷേപം സ്വീകരിക്കാന്‍ നേതൃത്വം നല്‍കിയതെന്നും ഏജന്റുമാര്‍ പറയുന്നു. പയ്യന്നൂരിന് പുറമെ തളിപ്പറമ്പിലും മറ്റ് പലയിടത്തും ഇവര്‍ക്ക് ശാഖകളുള്ളതായാണ് തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്. 15 വര്‍ഷമായി കമ്പനി പ്രവര്‍ത്തിക്കുന്നുവെന്നും പറയപ്പെടുന്നു. നിക്ഷേപകര്‍ നല്‍കിയ പണംകൊണ്ട് കമ്പനി ഉടമകള്‍ തളിപ്പറമ്പില്‍ അടക്കം സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.  

Tags:    

Similar News