2018 പ്രളയപുനരധിവാസം: കോട്ടയം ജില്ലയിലെ 14 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കി പീപ്പിള്‍സ് ഫൗണ്ടേഷന്‍

പ്രളയദുരന്തത്തില്‍ സര്‍വതും നഷ്ടമായവരെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന പീപ്പിള്‍ വില്ലേജ് എന്ന ആശയം മാതൃകാപരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

Update: 2020-03-02 10:28 GMT

കോട്ടയം: പ്രളയദുരന്തത്തില്‍ സര്‍വതും നഷ്ടമായവരെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന പീപ്പിള്‍ വില്ലേജ് എന്ന ആശയം മാതൃകാപരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിരവധി പരാതികള്‍ ഏറ്റുവാങ്ങുമ്പോഴാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സുതാര്യവും മാതൃകാപരവുമായി ഇത്തരം പ്രവര്‍ത്തനം ഏറ്റെടുത്തുനടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവാര്‍പ്പ് പഞ്ചായത്തിലെ ഇല്ലിക്കലില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സുമനസുകളുടെ സഹകരണത്തോടെ നിര്‍മിച്ചുനല്‍കിയ 14 വീടുകളുടെ പാര്‍പ്പിട സമുച്ചയമായ പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 പ്രളയത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലെ പരാതി ഓഴിവാക്കുന്നതിന് നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. പുനരധിവാസപ്രവര്‍ത്തനങ്ങളുടെ വരവുചെലവ് കണക്ക് സര്‍ക്കാര്‍ സുതാര്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനസമിതിയംഗം പി പി അബ്ദുല്‍ റഹ്മാന്‍ പെരിങ്ങാടി പദ്ധതി സമര്‍പ്പണം നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി. ജനോപകാരപ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസംഘടനകളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പീപ്പിള്‍ ഫൗണ്ടേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സാദിഖ് ഉളിയില്‍ അഭിപ്രായപ്പെട്ടു. 14 ജീവിതങ്ങളാണ് ഇവിടെ പച്ചപിടിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഓരോ വീടും ഭാവിവാഗ്ദാനങ്ങളാവുന്ന കുട്ടികളുടെ പഠന ഇടം കൂടിയാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് കെ സുരേഷ് കുറുപ് എംഎല്‍എയും പറഞ്ഞു.


 താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം, കുമ്മനം മുസ്‌ലിം ജമാഅത് ഇമാം റിയാസുല്‍ ഹാദി പനവൂര്‍, തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാന്‍, വൈസ് പ്രസിഡന്റ് പി എ അബ്ദുല്‍ കരിം, വാര്‍ഡംഗം റൂബി ചാക്കോ, കോട്ടയം കാര്‍ഷിക വികസനബാങ്ക് അഡ്വ. ജി ഗോപകുമാര്‍, കോട്ടയം താലൂക്ക് മഹല്ല് കോ-ഓഡിനേഷന്‍ പ്രസിഡന്റ് മുഹമ്മദ് സാജന്‍, ശാന്തിതീരം ചെയര്‍മാന്‍ പി കെ മുഹമ്മദ്, അല്‍ഫജര്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. പി എ റബീസ്, അനുഗ്രഹ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഷീദ്, താഴത്തങ്ങാടി മുസ്‌ലിം കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ പ്രഫ. ഷവാസ് ഷരീഫ്, സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസ് പ്രസിഡന്റ് ഡോ. കോയാക്കുട്ടി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് നജ്മി കരിം, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, എസ്‌ഐഒ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, ജിഐഒ ജില്ലാ പ്രസിഡന്റ് സുറുമി ഷിഹാബ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി എ നൗഷാദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എ എം അബ്ദുല്‍ സമദ്, ജനറല്‍ കണ്‍വീനര്‍ കെ അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News