നിസാമുദ്ദീൻ മർക്കസ്: കേരളത്തിൽ മടങ്ങിയെത്തിയ 16പേരുടെ പരിശോധന ഫലം നെഗറ്റീവ്

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം 199 പേരാണ് തിരികെ കേരളത്തിലേക്ക് എത്തിയത്.

Update: 2020-04-05 09:00 GMT

തിരുവനന്തപുരം: നിസാമുദ്ദീൻ മർക്കസിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ മടങ്ങിയെത്തിയ 16 പേരുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം തിരികെയെത്തിയ തിരുവനന്തപുരത്തുള്ള 9 പേരുടേയും കോഴിക്കോട് എത്തിയ 15 പേരിൽ അഞ്ച് പേരുടേയും പത്തനംതിട്ടയിൽ 2 പേരുടെയും ഫലങ്ങളാണ് നെഗറ്റീവ്. ഇന്ന് കൂടുതൽ പേരുടെ ഫലം ലഭിക്കുമെന്നാണ് റിപ്പോർട്ട്.

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം 199 പേരാണ് തിരികെ കേരളത്തിലേക്ക് എത്തിയത്. ഇതിൽ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടത്തിയ ആദ്യ റാപ്പിഡ് ടെസ്റ്റിന്റെ പരിശോധന ഫലം ഇന്ന് ലഭ്യമാകും.

അതേസമയം, കൊറോണ ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോട് പരിശോധന നടത്തിയ മറ്റ് 152 പേരുടെ ഫലവും പത്തനംതിട്ടയിൽ നിന്നുള്ള 90 പേരുടേയും ഫലങ്ങൾ നെഗറ്റീവാണ്. ഇതോടെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. പത്തനംതിട്ടയിൽ ഇനി പുറത്ത് വരാനുള്ളത് 95 പേരുടെ പരിശോധന ഫലങ്ങളാണ്.

Tags: