ആംബുലന്‍സിലെ പീഡനം: നൗഫല്‍ ക്ലിയറന്‍സ് രേഖ ഹാജരാക്കിയെന്ന് സ്ഥാപനം; നല്‍കിയിട്ടില്ലെന്ന് പോലിസ്
കൊവിഡ് രോഗിയെ വീട്ടില്‍നിന്ന്ആ ശുപത്രിയിലെത്തിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും ആരോഗ്യവകുപ്പിന് സംവിധാനമില്ല.
പത്തനംതിട്ട: കൊവിഡ് രോഗികള്‍ക്കുവേണ്ടിയുള്ള 108 ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ അടക്കമുള്ളവരുടെ നിയമനവും ഇവര്‍ക്കുള്ള ശമ്പളവും കൈകാര്യം ചെയ്യുന്നത് തെലങ്കാനയിലെ ജി.ബി.കെ. എമര്‍ജന്‍സി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം. കൂടാതെ കൊവിഡ് രോഗിയെ വീട്ടില്‍നിന്ന് ആശുപത്രിയിലെത്തിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും ആരോഗ്യവകുപ്പിന് സംവിധാനമില്ല. ഇതും കരാര്‍ ഏജന്‍സിയായ ജിബികെ എമര്‍ജന്‍സി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചെയ്യുന്നത്. ആംബുലന്‍സില്‍ ജിപിഎസ് സംവിധാനമുണ്ടെങ്കിലും ഇത് നിയന്ത്രിക്കാനുള്ള സംവിധാനം ജില്ലാ കലക്ടറേറ്റിലും കരാര്‍ ഏജന്‍സിക്കും മാത്രമാണുള്ളത്. അതിനിടെ നൗഫലിന്റെ നിയമനം സംബന്ധിച്ചും വിവാദം നടക്കുകയാണ്.
പ്രതി നൗഫലിനെ ഈ ഏജന്‍സി നിയമിച്ചത് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയായിരുന്നുവെന്നാണ് നിലവിലെ വിവരം. എന്നാല്‍ പ്രതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി കായംകുളം പോലിസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി ഹാജരാക്കിയതിനെ തുടര്‍ന്നായിരുന്നു നിയമനമെന്ന് ഏജന്‍സി അധികൃതര്‍ പറയുന്നു. പോലിസില്‍നിന്നു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പിന്നീട് ഹാജരാക്കാമെന്ന വ്യവസ്ഥയിലായിരുന്നു നിയമനമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും ഇയാള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. എന്നിട്ടും ജോലിയില്‍ തുടരാന്‍ ഏജന്‍സി അനുവദിച്ചു. നൗഫല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ലെന്നാണു പോലീസ് പറയുന്നത്. നൗഫല്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും 2018-ല്‍ ഇയാള്‍ക്കെതിരേ 308 പ്രകാരം കേസ് എടുത്തിട്ടുണ്ടെന്നും പത്തനംതിട്ട എസ്പി കെ ജി സൈമണ്‍ വ്യക്തമാക്കി.
