മലപ്പുറം ജില്ലയില്‍ ഇന്ന് 1,013 കൊവിഡ് ബാധിതര്‍; ആശങ്കകള്‍ക്കിടയിലും ആശ്വാസമായി 1,519 പേര്‍ക്ക് രോഗമുക്തി
934 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 58 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം: പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലും ആശ്വാസമായി ജില്ലയില്‍ ഇന്ന് 1,500 ലധികം പേര്‍ക്ക് രോഗമുക്തി. ജില്ലയില്‍ ഇന്ന് 1,519 പേരാണ് കൊവിഡ് മുക്തരായി സാധാരണജീവിതത്തിലേക്ക് മടങ്ങിയതെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ 28,391 പേരാണ് കൊവിഡ് പ്രത്യേക ചികില്‍സയ്ക്കുശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
കൂട്ടായ രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഇത്രയുമധികം രോഗികളെ കൊവിഡ് മുക്തരാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമാണ് ഈ വിജയമെന്നും തുടര്‍ന്നും ഈ മഹാമാരിയെ പൂര്‍ണമായും തുടച്ചുനീക്കാന്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജില്ലയില്‍ ഇന്ന് 1,013 പേര്‍ക്ക് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതില്‍ 934 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 58 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ 16 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയവരും ശേഷിക്കുന്ന രണ്ടുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
നിരീക്ഷണത്തില്‍ 49,888 പേര്‍
49,888 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,556 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 475 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,481 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 154 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണം
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ഒരുകാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോവാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

